SHARE

വെസ്റ്റിൻഡീസിനെതിരായ ലോകകപ്പ് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നേടിയത് 338/6 എന്ന കൂറ്റൻസ്കോർ. മൂന്നാമനായി ബാറ്റിംഗിനിറങ്ങിയ ആവിഷ്ക ഫെർണാണ്ടോയുടെ സെഞ്ചുറിയും, ഓപ്പണർ കുശാൽ പെരേരയുടെ അർധ സെഞ്ചുറിയുമാണ് ലങ്കയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങേണ്ടി‌വന്ന ലങ്കയ്ക്ക് ഓപ്പണർമാരായ ദിമുത് കരുണരത്നെയും, കുശാൽ പെരേരയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. 93 റൺസ് പിറന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് അവസാനിപ്പിച്ചത് 32 റൺസെടുത്ത കരുണരത്നെയെ പുറത്താക്കി വിൻഡീസ് നായകൻ ജേസൺ ഹോൾഡറാണ്. പിന്നാലെ 64 റൺസെടുത്ത കുശാൽ പെരേരയും വീണു. കുശാൽ മെൻഡിസ് 39 റൺസും, ഏഞ്ചലോ മാത്യൂസ് 26 റൺസും നേടി. ആറാമനായി തിരിമാനെ ക്രീസിലെത്തിയതോടെ ലങ്കൻ ഇന്നിംഗ്സിന് വേഗം കൂടി.

ആവിഷ്ക ഫെർണാണ്ടോയും, തിരിമാനെയും ചേർന്ന് 49 പന്തുകളിൽ 67 റൺസാണ് അടിച്ചുകൂട്ടിയത്. ഇതിനിടയിൽ ഫെർണാണ്ടോ സെഞ്ചുറിയിലെത്തി. എന്നാൽ സെഞ്ചുറി നേടിയതിന് പിന്നാലെ 103 പന്തിൽ 104 റൺസെടുത്ത് താരം പുറത്തായി. ലാഹിരു തിരിമാനെ 33 പന്തുകളിൽ 45 റൺസ് നേടി പുറത്താകാതെ നിന്നു. വിൻഡീസിനായി നായകൻ ജേസൺ ഹോൾഡർ, ഒഷേൻ തോമസ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.