SHARE

കഴിഞ്ഞ സീസണ്‍ ഐ എസ് എല്ലില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് മലയാളി താരം കെ പ്രശാന്ത് കേരളാ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി നടത്തിയത്. കളി മോശമായതോടെ താരത്തിനെതിരെ അതിരുകടന്ന വിമര്‍ശനവും ആരാധകരുടെ ഭാഗത്ത് നിന്നുണ്ടായി. എന്നാല്‍ വിമര്‍ശനകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് മെല്‍ബണ്‍ സിറ്റിക്കെതിരെ നടന്ന പ്രീ സീസണ്‍ മത്സരത്തില്‍ കെ പ്രശാന്ത് കാഴ്ച്ച വെച്ചത്.

ഇപ്പോഴിതാ, ടീമിലെ സെര്‍ബിയന്‍ മുന്നേറ്റതാരം സ്ലാവിസ സ്‌റ്റൊജനോവിച്ച് പ്രശാന്തിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ‘ കേരളാ ബ്ലാസ്‌റ്റേഴ്‌സിലെ മികച്ച യുവതാരമാണ് പ്രശാന്ത്, മെല്‍ബണെതിരെ നല്ല കളിയാണ് അവൻ കാഴ്ച്ച വെച്ചത്, അവന്റെ ഡ്രിബ്ലിംഗും ക്രോസ്സുകളുമെല്ലാം മികച്ചവയായിരുന്നു’ – സ്ലാവിസ പറഞ്ഞു. അതിനിടെ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രശാന്ത് വിമര്‍ശനങ്ങള്‍ക്കെതിരെയും മനസ്സ് തുറന്നു.

‘ കഴിഞ്ഞ സീസണില്‍ ജെയിംസ് വരുമ്പോള്‍ ഞാന്‍ പരുക്കിന്റെ പിടിയിലായിരുന്നു, പിന്നീട് ഫിറ്റായപ്പോള്‍ അദ്ദേഹം എനിക്ക് അവസരം തന്നു, എന്നാല്‍ എന്റെ കളി മോശമായിരുന്നു, അതോടെ എനിക്ക് നേരെ സമൂഹമാധ്യമങ്ങളില്‍ മോശം കമ്മന്റുകള്‍ വന്നു, എന്റെ കുടുംബത്തെ പോലും പലരും അതിലേക്ക് വലിച്ചിഴച്ചു, ആരാധകരിലെ ചെറിയൊരു കൂട്ടമാണ് ഇത് ചെയ്യുന്നത്’ – പ്രശാന്ത് പറഞ്ഞു.

‘ ഞാനൊരു ഫുട്‌ബോള്‍ താരമാണ്, സീനിയര്‍ താരങ്ങളുടെ കളി കാണാറുണ്ട്, അവര്‍ മോശമാക്കിയാല്‍ ഞാന്‍ അവരെ അവഹേളിക്കാറില്ല, കളിക്കാര്‍ക്കെതിരെ വിമര്‍ശനമുണ്ടാവണം, പക്ഷേ അത് ഇത്തരത്തില്‍ അവഹേളിക്കലാവരുത്, ഫിന്‍ലന്‍ഡിലെ പരിശീലനം എനിക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ട്, മികച്ച കളി പുറത്തെടുക്കാന്‍ പരിശ്രമിക്കും’ – ബ്ലാസ്റ്റേഴ്‌സ് യുവതാരം കൂട്ടിച്ചേര്‍ത്തു.