SHARE

ടി20 ക്രിക്കറ്റിൽ ഫീൽഡിംഗിന് വളരെയധികം പ്രാധാന്യമുണ്ട്. ഫീൽഡിംഗിൽ രക്ഷിച്ചെടുക്കുന്ന അഞ്ചോ പത്തോ റണ്ണുകൾ പലപ്പോളും മത്സരഫലങ്ങളെ തന്നെ മാറ്റി മറിക്കാറുണ്ട്. ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ അവസ്ഥ തന്നെ ഏറ്റവും വലിയ ഉദാഹരണം.

മോശം ഫീൽഡിംഗ് പ്രകടനവും, കൈപ്പിടിയിൽ ഒതുങ്ങാതിരുന്ന ക്യാച്ചുകളുമാണ് മിക്ക മത്സരങ്ങളിലും രാജസ്ഥാൻ റോയൽസിന് വിനയായത്. ഇതിൽ അവർക്ക് ഏറ്റവും സങ്കടം നൽകുന്നത് ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ യും, സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെയുമുള്ള ഫീൽഡിംഗ് പ്രകടനമാണ്. ഈ രണ്ട് മത്സരങ്ങളിലും നഷ്ടപ്പെടുത്തിയ ക്യാച്ചുകൾ അവരെ തോൽവിയിലേക്ക് നയിച്ചു.

ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അവരുടെ ഓപ്പണർ ഷെയിൻ വാട്സൺ, ഇന്നിംഗ്സിന്റെ തുടക്കത്തിൽ നൽകിയ ക്യാച്ച് സ്ലിപ്പിൽ ഫീൽഡ് ചെയ്തിരുന്ന രാഹുൽ തൃപാതി വിട്ട് കളയുകയായിരുന്നു. ജീവൻ തിരിച്ചുകിട്ടിയ വാട്സൺ മത്സരത്തിൽ സെഞ്ചുറി നേടി. ഫലമോ, മത്സരത്തിൽ രാജസ്ഥാൻ പരാജയപ്പെട്ടു.

കഴിഞ്ഞ ദിവസം സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തിലും നഷ്ടപ്പെടുത്തിയ ക്യാച്ചിലൂടെ രാജസ്ഥാൻ പരാജയം ചോദിച്ച് വാങ്ങി.
സൺ റൈസേഴ്സ് നായകൻ കെയിൻ വില്ല്യംസൺ 11 റൺസിൽ നിൽക്കുമ്പോൾ നൽകിയ ക്യാച്ച് ഇത്തവണയും സ്ലിപ്പിൽ വിട്ട് കളഞ്ഞത് രാഹുൽ തൃപാതിയായിരുന്നു. പിന്നീട് 63 റൺസ് നേടിയ വില്ല്യംസണിന്റെ കരുത്തിൽ മികച്ച സ്കോർ കണ്ടെത്തിയ അവർ മത്സരത്തിൽ വിജയം സ്വന്തമാക്കുകയും ചെയ്തു. ടൂർണമെന്റ് പാതിയോടടുത്തതിനാൽ ഇനിയെങ്കിലും തങ്ങളുടെ ഫീൽഡിംഗ് മെച്ചപ്പെടുത്താൻ രാജസ്ഥാൻ ശ്രമിച്ചേ മതിയാകൂ. അല്ലാത്ത പക്ഷം ഈ സീസൺ ഐ പി.എൽ അവസാനിക്കുമ്പോൾ പരിതാപകരമായിരിക്കും അവരുടെ അവസ്ഥ.