SHARE

ടീമുകൾ ‌ഓവർ നിരക്കിൽ വീഴ്ച വരുത്തുന്നത് ഇത്രയും നാൾ അവരുടെ ക്യാപ്റ്റന്മാരെ മാത്രമേ ബാധിച്ചിരുന്നുള്ളൂ. നിശ്ചിത സമയത്ത് ഓവറുകൾ എറിഞ്ഞ് തീർക്കാനാവാത്ത ടീമുകളുടെ ക്യാപ്റ്റന്മാർക്ക് പിഴയും, സസ്പെൻഷനുമാണ് ഇതിന് ശിക്ഷയായി ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോളിതാ ഈ രീതിക്ക് മാറ്റം വരുത്താൻ ഒരുങ്ങുകയാണ് ഐസിസി.

ഇനി ഒരു ടീം കുറഞ്ഞ ഓവർ നിരക്ക് വരുത്തിയാൽ ക്യാപ്റ്റന് മാത്രമല്ല, മറിച്ച് ടീം അംഗങ്ങൾക്ക് എല്ലാവർക്കും പണി കിട്ടും‌. ഒരു മത്സരത്തിൽ നിശ്ചിത സമയത്തിനുള്ളിൽ ഓവറുകൾ എറിഞ്ഞ് തീർക്കാൻ ആയില്ലെങ്കിൽ ആ ടീമുകളുടെ എല്ലാ താരങ്ങളിൽ നിന്നും കോമ്പറ്റീഷൻ പോയിന്റ് കുറയ്ക്കും. ഒരോവർ കുറയുന്നതിന് 2 കോമ്പറ്റീഷൻ പോയിന്റുകളാണ് ഓരോ താരങ്ങൾക്കും ഇത്തരത്തിൽ നഷ്ടമാവുക. ഒരു നിശ്ചിത പോയിന്റ് എത്തുമ്പോൾ സസ്പെൻഷനും ഈ താരങ്ങൾക്ക് ലഭിക്കും. അതായത് ഇനി ഓവർ നിരക്കിൽ വീഴ്ച വരുത്തിയാൽ ടീം അംഗങ്ങൾ എല്ലാവരും അനുഭവിക്കേണ്ടി‌ വരുമെന്ന്. അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മുതലാണ് പുതിയ നിയമം ഐസിസി നടപ്പിലാക്കുക.

നേരത്തെ ഓവർ നിരക്ക് വരുത്തുന്ന ടീമുകളുടെ ക്യാപ്റ്റന്മാർക്കെതിരെ മാത്രമായിരുന്നു ഐസിസി നടപടി സ്വീകരിച്ചിരുന്നത്. ഈ നിമയം അനുസരിച്ച് ഒരു വർഷം രണ്ട് തവണ കുറഞ്ഞ ഓവർ നിരക്ക് വീഴ്ച വരുത്തുന്ന ക്യാപ്റ്റന് സസ്പെൻഷനും പിഴയുമായിരുന്നു ശിക്ഷയായി ലഭിച്ചിരുന്നത്.