SHARE

ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കവെ നിരന്തരം വിമർശനമേറ്റിരുന്ന താരമാണ് ക്രിസ് സ്മാളിങ്. ഇക്കുറി യുണൈറ്റഡിൽ നിന്ന് ലോണിൽ ഇറ്റാലിയൻ ക്ലബ് റോമയിലെത്തിയതോടെ സ്മാളിങ്ങിന്റെ കരിയർ തന്നെ മാറി. ഈ സീസണിൽ റോമയുടെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് സ്മാളിങ്

ഇന്നലെ ബ്രെസിയക്കെതിരായ മത്സരത്തിലാണ് സ്മാളിങ്ങിന്റെ മിന്നുന്ന പ്രകടനം നടന്നത്. എതിരില്ലാത്ത മൂന്ന് ​ഗോളിനാണ് ഇന്നലെ റോമ ബ്രെസിയയെ തോൽപ്പിച്ചത്. മത്സരത്തിലെ മൂന്ന് ​ഗോളുകളിലും പങ്കുവഹിച്ചാണ് പ്രതിരോധതാരമായ സ്മാളിങ് കൈയ്യടി നേടിയത്. 49-ാം മിനിറ്റിൽ റോമയുടെ ആദ്യ ​ഗോൾ നേടിയത് സ്മാളിങ്ങായിരുന്നു. പിന്നീട് സഹതാരങ്ങളായ ജിയാൻലൂക്കാ മാൻസിനി, എഡിൻ സെക്കോ എന്നിവർക്ക് ​ഗോൾ നേടാൻ വഴിയൊരുക്കിയതും സ്മാളിങ് തന്നെയാണ്.

ഈ സെരി എ സീസണിൽ സ്മാളിങ്ങിന്റെ രണ്ടാം ​ഗോളാണിത്. ഇതോടെ ഒരു സെരി എ സീസണിൽ രണ്ട് ​ഗോളെങ്കിലും നേടുന്ന മൂന്നാമത്തെ മാത്രം ഇം​ഗ്ലീഷ് താരമെന്ന നേട്ടവും സ്മാളിങ്ങിനെ തേടിയെത്തി. റോമ പ്രതിരോധനിരയിലും ശ്രദ്ധേയപ്രകടനമാണ് സ്മാളിങ് നടത്തുന്നത്. ഇതോടെ ലോൺ അവസാനിപ്പിച്ച് സ്മാളിങ്ങിനെ സ്ഥിരമായി സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് റോമയിപ്പോൾ