SHARE

പന്ത് ചുരണ്ടൽ വിവാദത്തെത്തുടർന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഒരു വർഷ വിലക്ക് നേരിട്ട് കൊണ്ടിരിക്കുകയാണ് സൂപ്പർ താരങ്ങളായ സ്റ്റീവ് സ്മിത്തും, ഡേവിഡ് വാർണറും. അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും ഓസ്ട്രേലിയൻ അഭ്യന്തര മത്സരങ്ങളിലും നിന്നും വിലക്ക് നേരിടുന്ന താരങ്ങളെ ഈ വർഷത്തെ ഷെഫീൽഡ് ഷീൽഡ് ടൂർണമെന്റിൽ കളിപ്പിക്കാൻ ന്യൂ സൗത്ത് വെയിൽസ് ക്രിക്കറ്റ് ക്ലബ്ബ് ശ്രമങ്ങൾ നടത്തുമെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു.

ന്യൂസൗത്ത് വെയിൽസിന്റെ ഈ ശ്രമങ്ങൾ വിജയിക്കുമെന്നും താരങ്ങൾ വീണ്ടും ഓസീസ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമെന്നും വാർത്തകൾ വന്ന് കൊണ്ടിരിക്കുമ്പോളാണ് സംഭവത്തിലെ ട്വിസ്റ്റ് നടന്നിരിക്കുന്നത്. വിവാദ സംഭവത്തിൽപ്പെട്ട താരങ്ങളെ ഒരു വർഷത്തേക്ക് വിലക്കാനുള്ള ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ശക്തമായ തീരുമാനത്തെ പിന്തുണയ്ക്കുന്നെന്നും, അത് കൊണ്ട് തന്നെ ഈ വർഷത്തെ ഷെഫീൽഡ് ഷീൽഡിൽ കളിക്കാൻ ഇരുവരെയും അനുവദിക്കണമെന്ന ആവശ്യവുമായി മുന്നോട്ടു വരാൻ തങ്ങൾശ്രമിക്കില്ലെന്നും ന്യൂ സൗത്ത് വെയിൽസ് ക്ലബ്ബിന്റെ ചീഫ് എക്സിക്യൂട്ടിവായ ആൻഡ്രൂ ജോൺസ് വ്യക്തമാക്കി.

ഓസ്ട്രേലിയൻ ക്രിക്കറ്റിലേക്ക് വാർണറും സ്മിത്തും അതിവേഗം തിരിച്ചെത്തുമെന്ന് കരുതിയിരുന്ന ക്രിക്കറ്റ് ആരാധകർക്ക് ഏറെ നിരാശ സമ്മാനിക്കുന്ന വാർത്തയാണിത്. വിലക്കിനെത്തുടർന്ന് നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുന്നില്ലെങ്കിലും കാനഡ ടി20 ലീഗിലും, കരീബിയൻ പ്രീമിയർ ലീഗിലും ഇരുവരും കളിച്ചിരുന്നു.