SHARE

ഈ വർഷം ഒക്ടോബർ – നവംബർ മാസങ്ങളിലായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡ് എങ്ങനെയായിരിക്കണമെന്ന് ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ ഓൾ റൗണ്ടർ റിതീന്ദർ സിംഗ് സോധി. കഴിഞ്ഞ ദിവസം ഇന്ത്യാ ന്യൂസിൽ ഒരു ചർച്ചയിൽ പങ്കെടുക്കവെയായിരുന്നു സോധി ഈ ടീം തിരഞ്ഞെടുപ്പ് നടത്തിയത്. യുവ പേസർ മൊഹമ്മദ് സിറാജ്, ശിഖാർ ധവാൻ, ശ്രേയസ് അയ്യർ എന്നിവർ സോധി തിരഞ്ഞെടുക്കുന്ന ഇന്ത്യയുടെ ടി20 ലോകകപ്പ് സ്ക്വാഡിലുണ്ട് എന്നതാണ് ശ്രദ്ധേയം‌.

രോഹിത് ശർമ്മയും, കെ എൽ രാഹുലുമാണ് ലോകകപ്പിൽ സോധിയുടെ ഫസ്റ്റ് ചോയിസ് ഓപ്പണർമാർ. ഇഷാൻ കിഷനെ മറികടന്ന് സീനിയർ താരം ശിഖാർ ധവാനെയാണ് അദ്ദേഹം ടീമിന്റെ റിസർവ്വ് ഓപ്പണറായി തിരഞ്ഞെടുക്കുന്നത്. സൂര്യകുമാർ യാദവും, ശ്രേയസ് അയ്യറും ഉറപ്പായും ടീമിൽ വേണമെന്ന് പറയുന്ന സോധി, ഋഷഭ് പന്തിനെയാണ് ടീമിന്റെ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നത്.

ഹാർദിക് പാണ്ട്യയും, രവീന്ദ്ര ജഡേജയും ഓൾ റൗണ്ടർമാരുടെ സ്ഥാനത്ത് സ്ക്വാഡിൽ ഇടം പിടിച്ചപ്പോൾ, ദീപക് ചഹർ, ഭുവനേശ്വർ കുമാർ, ജസ്പ്രിത് ബുംറ, രാഹുൽ ചഹർ, മൊഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹൽ എന്നിവരാണ് സോധി തിരഞ്ഞെടുക്കുന്ന ഇന്ത്യൻ ലോകകപ്പ് സ്ക്വാഡിലെ ബോളർമാർ. ഇതിൽ മൊഹമ്മദ് സിറാജിന്റെ സെലക്ഷനാണ് ക്രിക്കറ്റ് പ്രേമികൾക്ക്‌ ശരിക്കും സർപ്രൈസായിരിക്കുന്നത്.

റിതീന്ദർ സോധി തിരഞ്ഞെടുക്കുന്ന ഇന്ത്യയുടെ ടി20 ലോകകപ്പ് സ്ക്വാഡ് – രോഹിത് ശർമ്മ, കെ എൽ രാഹുൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, ശിഖാർ ധവാൻ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ഹാർദിക് പാണ്ട്യ, ദീപക് ചഹർ, ഭുവനേശ്വർ കുമാർ, ജസ്പ്രിത് ബുംറ, രവീന്ദ്ര ജഡേജ, രാഹുൽ ചഹർ, മൊഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹൽ.