SHARE

എല്ലാ ലോകകപ്പുകളുടയേും ദുഖം നിറഞ്ഞ ഓർമയാണ് യോ​ഗ്യതനേടാനാകാത്ത ടീമുകളും, സൂപ്പർതാരങ്ങളും. ഇവർക്ക് പുറമേ പരിക്കേറ്റ് പുറത്തുപോകുന്നവരും, ടീമുകളുടെ അന്തിമപട്ടികയിൽ നിന്ന് തഴയപ്പെടുകയും ചെയ്യുന്നവരും ലോകകപ്പിന്റെ ദുഖം തന്നെ. റഷ്യൻ ലോകകപ്പിന് ടീമുകളുടെ അന്തിമ പട്ടിക പ്രഖ്യാപിച്ചപ്പോൾ തഴയപ്പെട്ട ചില താരങ്ങളുണ്ട്. ഒരുപക്ഷെ കരിയറിലെ ഏറ്റവും മികച്ച ഫോമിൽ നിൽക്കുമ്പോഴാണ് ഇവർ ടീമിന് പുറത്തേക്ക് പോയത്.

ബെൽജിയത്തിന്റെ സൂപ്പർതാരം റാഡ്ജ നൈൻ​ഗോളന്റെ പേരിൽ നിന്ന് തന്നെ തുടങ്ങാം. ആരധാകർ നിൻജ എന്ന് സ്നേഹത്തോടെ വിളിക്കുന്ന നൈൻ​ഗോളനെ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയത് പരിശീലകനുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്നാണെന്നാണ് റിപ്പോർട്ടുകൾ. ഇറ്റാലിയൻ ക്ലബ് എ.എസ് റോമയ്ക്കായി സീസണിൽ കിടിലൻ പ്രകടനമായിരുന്നു നൈൻ​ഗോളൻ പുറത്തെടുത്തത്. എന്നാൽ ലോകകപ്പ് ടീമിൽ നിന്ന് നൈൻ​ഗോളനെ പുറത്താക്കിയത് അപ്രതീക്ഷിതമായിരുന്നു. തുടർന്ന് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് നൈൻ​ഗോളൻ വിരമിച്ചു.

ഇൻർ മിലാനായി സീണിൽ മികച്ച കളി പുറത്തെടുത്ത, ടീമിന് ചാമ്പ്യൻസ് ലീ​ഗ് യോ​ഗ്യത നേടിക്കൊടുത്ത മൗറോ ഇക്കാർഡിയെ അർജന്റീന ഒഴിവാക്കിയത് പരിശീലകൻ ജോർജ് സാംപോളിയും, സൂപ്പർ താരം ലയണൽ മെസിയുമായുള്ള പ്രശ്നങ്ങളെത്തുടർന്നാണെന്ന് വാർത്തകളുണ്ട്. ജർമനി ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോൾ, ഒഴിവാക്കപ്പെട്ടത് ലിറോയ് സാനെയുടെ പേരാണ്. മാഞ്ചസ്റ്റർ സിറ്റക്കായി കരിയറിലെ ഏറ്റവും മികച്ച ഫോമിലായിരുന്നു സാനെ സീസണിൽ. പ്രീമിയർ ലീ​ഗിലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരവും സാനെയ്ക്കായിരുന്നു.

സ്പാനിഷ് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടത് ഒന്നിലേറെ സൂപ്പർ താരങ്ങളാണ്, 2010 ലോകകപ്പിലെ വിജയശിൽപ്പികളിലൊരാളായ സെസ്ക് ഫാബ്രി​ഗസ്, ബാഴ്സലോണയുടെ കഠിനാധ്വാനിയായ റൈറ്റ് ബാക്ക്, സെർജി റോബെർട്ടോ, ആഴ്സനലിന്റെ ഹെക്ടർ ബെല്ലെരിൻ, ചെൽസിയുടെ മാർക്കസ് അലോൺസോ, അൽവാരോ മൊറാത്ത തുടങ്ങിയവർ പുറത്തായി.

ഫ്രഞ്ച് ടീമിൽ നിന്നും സൂപ്പർ താരം കരീം ബെൻസിമ, ആന്റണി മാർഷ്യൽ തുടങ്ങിയവരെ ഒഴിവാക്കി. ​ഗോൾക്കീപ്പർ ജോ ഹാർട്ട്, ജാക്ക് വിൽഷയർ തുടങ്ങിയവരാണ് ഇം​ഗ്ലീഷ് നിരയിൽ നിന്ന് തഴയപ്പെട്ട പ്രമുഖർ. ബ്രസീൽ ടീമിൽ നിന്ന് പ്രതിരോധതാരം ഡേവിഡ് ലൂയിസും തഴയപ്പെട്ടു.

ഒഴിവാക്കപ്പെട്ടവർക്ക് പുറമേ പരിക്കിനെത്തുടർന്ന് ലോകകപ്പ് നഷ്ടപ്പെട്ട താരങ്ങളുമുണ്ട്. ബ്രസീലിന്റെ റൈറ്റ് ബാക്ക് ഡാനി ആൽവസ്, ഫ്രഞ്ച് താരം ദിമിത്രി പയേറ്റ്, ഇം​ഗ്ലണ്ടിന്റെ അലക്സ് ഓക്ലെയിഡ് ചേംബർലിൻ തുടങ്ങിയവർക്കാണ് പരിക്ക് വില്ലനായെത്തിയത്.