SHARE

ചാമ്പ്യൻസ് ലീ​ഗ് ക്വാർട്ടർ ആദ്യ പാദത്തിൽ ടൂറിനിൽ യുവന്റസിനെ തകർത്ത ക്രിസ്റ്റ്യാനോ റൊണാൾഡോയെ എഴുന്നേറ്റ് നിന്ന് നിറഞ്ഞ കൈയ്യടികളോടെയാണ് യുവന്റസ് ആരാധകർ അഭിനന്ദിച്ചത്. എവേ ​ഗ്രൗണ്ടിൽ അവരുടെ ആരാധകരുടെ കൈയ്യടി നേടുക എന്നത് ഒരു ഫുട്ബോളറുടെ കരിയറിലെ ഏറ്റവും വലിയ സ്വപനമാണ്. എന്നാൽ അതിന് അത്ര മനോഹരവും ഇതിഹാസതുല്യവുമായ പ്രകടനം നടത്തിയാലെ സാധിക്കു. അങ്ങനെ മരണ മാസ് പ്രകടനം നടത്തിയ ചിലരെ പരിചയപ്പെടാം.

റൊണാൾഡോ (റയൽ മഡ്രിഡ്)

ബ്രസീലയൻ ഇതിഹാസം റൊണാൾഡോ കൈയ്യടി നേടിയത് ഓൾഡ് ട്രഫോഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരിൽ നിന്നാണ്. 2003-ലെ ചാമ്പ്യൻസ് ലീ​ഗ് മത്സരത്തിലാണ് അലക്സ് ഫെർ​ഗുസന്റെ യുണൈറ്റഡിനെ റൊണാൾഡോ കിടിലനൊരു ഹാട്രിക്കിലൂടെ കീറി മുറിച്ചത്. റൊണാൾഡോ കളം വിടുമ്പോൾ എഴുന്നേറ്റ് നിന്നായിരുന്നു യുണൈറ്റഡ് ആരാധകരുടെ കൈയ്യടി.

റൊണാൾഡിന്യോ(ബാഴ്സലോണ)

ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വ്യക്തി​ഗത പ്രകടനങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നതാണ്, 2005-ൽ റയൽ മഡ്രിഡിനെതിരെ സാന്റിയാ​ഗോ ബെർണബ്യൂവിൽ റൊണാൾഡിന്യോ നടത്തിയത്. റൊണാൾഡോ, സിദാൻ, ബെക്കാം, റൗൾ, ഫി​ഗോ, കാർലോസ് തുടങ്ങിയവർ അണിനിരന്ന റയൽ പടയെ ഒറ്റയ്ക്ക് തകർത്തതിനായിരുന്നു റയൽ ആരധകരുടെ കൈയ്യടി.

അലെസാന്ദ്രോ ഡെൽ പിയറോ(യുവനന്റസ്)

2008 ചാമ്പ്യൻസ് ലീ​ഗ് ​ഗ്രൂപ്പ് ഘട്ട മത്സരത്തിൽ റയലിനെതിരെ നടത്തിയ പ്രടകനത്തിനാണ് ഡെൽ പിയറയോയെസാന്റിയാ​ഗോ ബെർണബ്യൂവിൽ റയൽ ആരാധകർ ആദരിച്ചത്. പെനാൽറ്റി ബോക്സിന് പുറത്ത് നിന്നുള്ള രണ്ട് കിടിലൻ ലോങ് റേഞ്ച് ​ഗോളുകളിലൂടെയാണ് അന്ന് ഡെൽ പിയറോ റയലിനെ തകർത്തത്.

സ്റ്റീവൻ ജെറാർദ്( ലിവർപൂൾ)
ചെൽസി ഏറെ നാളുകൾ സ്വാന്തമാക്കാനാ​ഗ്രഹിച്ചുനടന്ന താരമായിരുന്നു സ്റ്റീവൻ ജെറാർദ്. എന്നാൽ ഒരിക്കൽ പോലും ലിവർപൂൾ വിട്ട് പോരാൻ തയ്യാറാകാതിരുന്നു ജെറാർദിനെ തേടി ചെൽസി ആരാധകരുടെ കൈയ്യടിയെത്തിയത് 2015-ലാണ്. ലിവർപൂളിലെ സേവനമവസാനിപ്പിച്ച് മേജർ സോക്കർ ലീ​ഗിലേക്ക് പോകുന്നതിന് മുമ്പായി സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിലായിരുന്നു ചെൽസി ആരാധകർ ജെറാർദിന് നിറഞ്ഞ കൈയ്യടി നൽകിയത്.

2009-ലെ എൽക്ലാസിക്കോയിലെ പ്രകടനമാണ് ബെർണബ്യൂവിൽ മെസിയെ കൈയ്യടിക്ക് അർ​ഹനാക്കിയത്. രണ്ട് ​ഗോൾ നേടിയ മെസി രണ്ടെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്തു. ആന്ദ്രേ ഇനിയേസ്റ്റ, ഡെന്നീസ് ബെർജ്കാംപ്, തിയറി ഹെന്റി തുടങ്ങി, എതിരാളികളുടേയും ആവരുടെ ആരാധകരുടേയും കൈയ്യടി നേടിയവരുടെ പട്ടിക ഇനിയുമുണ്ട്. ഫുട്ബോൾ ഉള്ളിടത്തോളം കാലം ഇത് തുടരുകയും ചെയ്യും. ഫുട്ബോൾ വെറുമൊരു മത്സരം മാത്രമല്ലെന്ന് തെളിയിക്കുകയും കൂടി ചെയ്യുന്നതാണിവയൊക്കെ.