SHARE

ഫൗളുകളും അതുമൂലമുണ്ടാകുന്ന പരിക്കുകളും കാല്‍പ്പന്തുകളിയില്‍ സ്വാഭാവികമാണ്. എന്നാല്‍ താന്‍ മൂലം എവര്‍ട്ടണ്‍ താരം ഗോമസിനേറ്റ പരിക്കും അദ്ദേഹത്തിനു ദീര്‍ഘകാലം വിശ്രമം വേണ്ടി വരുമെന്ന വാര്‍ത്തകളും ടോട്ടനം താരം സോണിനെ തളര്‍ത്തിയിരിക്കുകയാണ്. പരിക്കേറ്റ ദിനം ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോകുമ്പോള്‍ കരഞ്ഞുകൊണ്ടായിരുന്നു താരം ഗ്രൗണ്ട് വിട്ടത്.

ചുവപ്പ് കാര്‍ഡ് പിന്‍വലിച്ചെങ്കിലും താരത്തിന്റെ വിഷമം ഇതുവരെ മാറിയിട്ടില്ല കഴിഞ്ഞ ദിവസം ടോട്ടനം ഉജ്ജ്വല വിജയം നേടിയ കളിയിലും ഇത് പ്രതിഫലിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെതിരെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു ടോട്ടനത്തിന്റെ വിജയം ഇതില്‍ സോണ്‍ ഇരട്ട ഗോള്‍ നേടുകയും ചെയ്തു.

എന്നാല്‍ ഗോളടിച്ച ശേഷം ആഹ്‌ളാദം പ്രകടിപ്പിക്കാത്ത സോണ്‍ കൈകള്‍ കൂപ്പി നില്‍ക്കുകയാണ് ചെയ്തത്. താന്‍ കാരണം പരിക്കേറ്റ ഗോമസിനോട് മാപ്പു ചോദിക്കുന്ന രീതിയിലായിരുന്നു സോണിന്റെ നില്‍പ്പ്. സോണിനു പുറമെ എറിക്‌സണ്‍, ലെ സെല്‍സൊ എന്നിവരാണ് ടോട്ടനത്തിനായി ഗോളുകള്‍ നേടിയത്.