SHARE

ഇംഗ്ലണ്ടിൽ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സംപ്രേക്ഷണം ചെയ്യാനുള്ള അവകാശം ഇനി സോണി പിക്ചേഴ്സിന്. 2018 മുതൽ 2022 വരെ ഇംഗ്ലണ്ടിൽ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേക്ഷണാവകാശമാണ് ഇംഗ്ലണ്ട് ആന്റ് വെയിൽസ് ക്രിക്കറ്റ് ബോർഡിൽ നിന്ന് സോണി പിക്ചേഴ്സ് നെറ്റ് വർക്ക് സ്വന്തമാക്കിയത്. കരാർ പ്രകാരം ഇംഗ്ലണ്ടിൽ അടുത്ത അഞ്ച് വർഷത്തേക്ക് നടക്കുന്ന പുരുഷന്മാരുടേയും വനിതകളുടേയും അന്താരാഷ്ട്ര ടെസ്റ്റ്, ഏകദിന, ടി20 മത്സരങ്ങൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സം പ്രേക്ഷണം ചെയ്യുക സോണി പിക്ചേഴ്സാവും.

ഇന്ത്യയെ കൂടാതെ പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലും സോണിയാകും ഇനി മത്സരങ്ങൾ എത്തിക്കുക. ഏകദേശം എൺപതോളം അന്താരാഷ്ട്ര മത്സരങ്ങളാണ് കരാർ കാലയളവിൽ ഇംഗ്ലണ്ടിൽ നടക്കുക. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഈ വർഷം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടക്കാനിരിക്കുന്ന പരമ്പരയാണ്. അഞ്ച് ടെസ്റ്റുകളും, മൂന്ന് ഏകദിനങ്ങളും, രണ്ട് ടി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്.

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിൽ നിന്നും സം പ്രേക്ഷണാവകാശ കരാർ സ്വന്തമാക്കിയതോടെ ഏറ്റവും കൂടുതൽ ക്രിക്കറ്റ് ബോർഡുകളുമായി കരാറിലേർപ്പെടുന്ന നെറ്റ് വർക്കായി മാറാനും സോണി പിക്ചേഴ്സിന് കഴിഞ്ഞു. നിലവിൽ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്ഥാൻ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ്, സിംബാബ്‌വെ എന്നീ രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡുകളുമായാണ് സോണി നെറ്റ് വർക്കിന് കരാറുള്ളത്.