SHARE

പ്രഥമ യുവേഫ നേഷന്‍സ് ലീഗ്, യൂറോ 2020 മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം സോണി പിക്ചേഴ്സ് നെറ്റ്വര്‍ക്സ് ഇന്ത്യ നേടി. ഇതോടെ 8 സുപ്രധാന ഫുട്ബോള്‍ മേളകളുടെ ഇന്ത്യാ ഭൂഖണ്ഡത്തിലെ സംപ്രേക്ഷണാവകാശം സോണി കൈവശപ്പെടുത്തി. യൂവേഫ ചാമ്പ്യന്‍സ് ലീഗ്, യുവേഫ യൂറോപ്പ ലീഗ്, ലാലിഗ, സീരി എ, യുവേഫ സൂപ്പര്‍ കപ്പ്, എഫ്എ കപ്പ് എന്നിവയാണ് ഇതര ടൂര്‍ണമെന്റുകള്‍.

യൂറോപ്യന്‍ രാജ്യങ്ങള്‍ മാറ്റുരയ്ക്കുന്ന യൂറോ കപ്പും ലോകകപ്പ് പോലെ നാല് വര്‍ഷം കൂടുമ്പോഴാണെന്നിരിക്കെ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് എല്ലാ വര്‍ഷവും മിടുക്ക് തെളിയിക്കാനുള്ള വേദിയാണ് യൂവേഫ നേഷന്‍സ് ലീഗ്. 55 യൂറോപ്യന്‍ രാജ്യങ്ങള്‍ പങ്കെടുക്കുന്ന യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ വ്യാഴാഴ്ച ആരംഭിച്ചു.

അടുത്ത വര്‍ഷം ജൂണിലാണ് ഫൈനല്‍ നടക്കുക. യൂറോ കപ്പ് മത്സരങ്ങള്‍ 2020 ജൂണ്‍ 12 മുതല്‍ ജൂലൈ 12 വരെയാണ് നടക്കുക. നേരത്തെ യൂവേഫ കപ്പിന് ആതിഥേയത്വം വഹിച്ചുകൊണ്ടിരുന്നത് ഓരോ തവണയും ഒരു രാജ്യം മാത്രമായിരുന്നുവെങ്കില്‍ ഇത്തവണ ടൂര്‍ണമെന്റിന്റെ 60 ാം വാര്‍ഷികം പ്രമാണിച്ച്, 12 രാജ്യങ്ങളിലെ 12 നഗരങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുയെന്ന് സോണി പിക്ചേഴ്സ് നെറ്റ്വര്‍ക് ഇന്ത്യ ചീഫ് റവന്യൂ ഓഫീസര്‍ (സ്പോര്‍ട്സ്) രാജേഷ് കൗള്‍ പറഞ്ഞു.