SHARE

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ഇതിഹാസം ജുലൻ ഗോസ്വാമിയെക്കുറിച്ചുള്ള സിനിമ പ്രഖ്യാപിച്ച് സോണി പിക്ചേഴ്സ്. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് വനിതാ ഇതിഹാസ താരത്തിന്റെ ബയോപിക്ക് സോണി പിക്ചേഴ്സ് പ്രഖ്യാപിച്ചത്. 35 കാരിയായ ജുലൻ ലോകക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച വനിതാ ബോളർമാരിലൊരാളാണ്. ഇതോടെ ജീവിതം സിനിമയാകുന്ന ആദ്യ ഇന്ത്യൻ വനിതാ ക്രിക്കറ്ററായും ജുലൻ മാറും. നേരത്തെ, പുരുഷ ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെണ്ടുൽക്കറുടേയും, മഹേന്ദ്ര സിംഗ് ധോണിയുടേയും ജീവിതങ്ങൾ സിനിമയായിരുന്നു.

വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയിട്ടുള്ള താരമായ ജുലൻ, ഏകദിനത്തിൽ 200 വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ വനിതാ താരവുമാണ്. 2002 ൽ ഇംഗ്ലണ്ടിനെതിരെ കളിച്ച് കൊണ്ട് അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച താരം ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകമായി മാറിയത് വളരെ പെട്ടെന്നായിരുന്നു‌. ഇന്ത്യയെ നയിച്ചും പരിചയമുള്ള ജുലൻ, 2007 ൽ ഐസിസി പ്ലേയർ ഓഫ് ദി ഇയർ അവാർഡും കരസ്ഥമാക്കി.

ചിത്രം പ്രഖ്യാപിച്ചെങ്കിലും അതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സോണി പിക്ചേഴ്സ് ഇത് വരെ പുറത്ത് വിട്ടിട്ടില്ല‌. ജീവചരിത്രം ബോളിവുഡ് സിനിമയാകുന്ന ആദ്യ വനിതാ ക്രിക്കറ്ററും, രണ്ടാം വനിതാ കായികതാരവുമാണ് ജുലൻ. പശ്ചിമബംഗാളിലെ ഒരു സാധാരണ ഗ്രാമത്തിൽ ജനിച്ച് കഠിനാധ്വാനത്തിലൂടെ നേട്ടങ്ങൾ വെട്ടിപ്പിടിച്ച് വനിതാ ക്രിക്കറ്റിന്റെ നെറുകയിലെത്തിയ ജുലനെക്കുറിച്ചുള്ള സിനിമ എല്ലാത്തരം ആൾക്കാർക്കും ഏറെ പ്രചോദനാന്മകമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും, വലിയ പ്രതീക്ഷകളാണ് ഈ ചിത്രത്തിൽ തങ്ങൾക്കുള്ളതെന്നും ചിത്രത്തിന്റെ പ്രഖ്യാപന വേളയിൽ സോണി പിക്ചേഴ്സ് അധികൃതർ വ്യക്തമാക്കി.