SHARE

യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് ഇന്ത്യൻ ടീമിന് വേണ്ടി 15 വർഷങ്ങൾ കൂടി കളിക്കുമെന്നും ഇതിനിടയിൽ കുറച്ച് ലോകകപ്പുകളിലും അദ്ദേഹം ഭാഗമാകുമെന്നും മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. കഴിഞ്ഞ ദിവസം ഹിന്ദുസ്ഥാൻ ടൈംസിനോട് സംസാരിക്കവെയാണ് ഗാംഗുലി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഈ വർഷം ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിക്കാൻ പന്തിന് കഴിയാതിരുന്നത് വലിയ ചർച്ചാവിഷയമായിരുന്നു. വിക്കറ്റ് കീപ്പിംഗിൽ പന്തിനേക്കാൾ മികവ് കാട്ടുന്ന‌ സീനിയർ താരം ദിനേഷ് കാർത്തിക്കിനെയായിരുന്നു രണ്ടാം നമ്പർ വിക്കറ്റ് കീപ്പറായി സെലക്ടർമാർ ലോകകപ്പ്‌ ടീമിലേക്ക് തിരഞ്ഞെടുത്തത്. ഈ സാഹചര്യത്തിലാണ് ഗാംഗുലി ഇത്തരമൊരു അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഗാംഗുലിയുടെ വാക്കുകൾ ഇങ്ങനെ, ” ധോണിയും, ദിനേഷ് കാർത്തിക്കും ഇനി അധികം നാളുകൾ ഇന്ത്യൻ ടീമിൽ കളിക്കാൻ പോകുന്നില്ല. പന്താണ് ഇന്ത്യയുടെ ഭാവി താരം. ദേശീയ ടീം ജേഴ്സിയിൽ 15,16 വർഷങ്ങൾ അദ്ദേഹത്തിന് മുന്നിലുണ്ട്. പന്തിന് ഇത്തവണ ലോകകപ്പ് നഷ്ടപ്പെടുന്നത് അത്ര വലിയ തിരിച്ചടിയാണെന്ന് തനിക്ക് തോന്നുന്നില്ല. കാരണം അദ്ദേഹം ഇനി ഒത്തിരി ലോകകപ്പുകൾ കളിക്കും. അദ്ദേഹത്തിന്റെ അവസാന അവസരമൊന്നുമല്ല ഇത്. ” ഗാംഗുലി പറഞ്ഞുനിർത്തി.