SHARE

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളായ മഹേന്ദ്ര സിംഗ് ധോണിയുടെയും സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും ജീവിത സിനിമകള്‍ ആരാധകര്‍ ആവേശത്തോടെയാണ് നെഞ്ചേറ്റിയത്. അതിനു ശേഷം, ഇന്ത്യന്‍ വനിതാ താരം ജുലന്‍ ഗോസ്വാമിയുടെ ജീവിതം സിനിമയാക്കുമെന്ന് സോണി പിക്‌ചേഴ്‌സ് പ്രഖ്യാപിച്ച് കഴിഞ്ഞു. ഇപ്പോഴിതാ, സൗരവ് ഗാംഗുലിയുടെ കളി ജീവിതവും സിനിമയാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

ഈ വര്‍ഷമാദ്യം ‘ എ സെഞ്ചുറി ഈസ് നോട്ട് ഇനഫ്’ എന്ന പേരില്‍ ഗാംഗുലി തന്റെ ആത്മകഥ പുറത്തിക്കിയിരുന്നു. ഇത് സിനിമയോ പരമ്പരയോ ആക്കാന്‍ വേണ്ടി താല്‍പ്പര്യം പ്രകടിപ്പിച്ച് ബാലാജി പിക്‌ചേഴ്‌സ് രംഗത്ത് വന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമൊന്നുമായിട്ടില്ലെന്ന് ഗാംഗുലി വ്യക്തമാക്കി. ‘ ബാലാജി പിക്‌ചേഴ്‌സുമായി ചര്‍ച്ചകള്‍ നടന്നിരുന്നു, ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല, കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് അറിയിക്കും’ – ഗാംഗുലി പറഞ്ഞു.

1996 മുതല്‍ 2007 വരെ നീണ്ടു നിന്ന കരിയറിനിടയില്‍ 113 ടെസ്റ്റ് മത്സരങ്ങളും 311 ഏകദിനങ്ങളുമാണ് ഗാംഗുലി ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിച്ചത്. അന്താരാഷ്ട്ര കരിയറില്‍ നിന്ന് വിരമിച്ചതിന് ശേഷം ഐ പി എല്ലിലുമെത്തി. 2012 സീസണ്‍ വരെ 59 ഐ പി എല്‍ മത്സരങ്ങളും ഗാംഗുലി കളിച്ചു. ടെസ്റ്റില്‍ 7212 റണ്‍സും ഏകദിനത്തില്‍ 11363 റണ്‍സും ഐ പി എല്ലില്‍ 1349 റണ്‍സുമാണ് ഗാംഗുലി നേടിയത്.