SHARE

ഓസ്ട്രേലിയ, ന്യൂസിലൻഡ് പര്യടനങ്ങളിൽ ഇന്ത്യയ്ക്ക് ലഭിച്ച ഏറ്റവും മികച്ച കാര്യം സീനിയർ താരം മഹേന്ദ്ര സിംഗ് ധോണി ഫോമിലേക്ക് തിരിച്ചെത്തിയതാണെന്ന് ഇതിഹാസ താരം സൗരവ് ഗാംഗുലി. കഴിഞ്ഞ ദിവസം ഇന്ത്യ ടിവിയുടെ ക്രിക്കറ്റ് ഷോയിൽ സംസാരിക്കവേയായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

” കഴിഞ്ഞ പരമ്പരകളിൽ ഇന്ത്യയ്ക്ക് സംഭവിച്ച ഏറ്റവും മികച്ച കാര്യം മഹേന്ദ്ര സിംഗ് ധോണിയുടെ ഫോമാണ്. കഴിഞ്ഞ വർഷം മോശം ഫോമിലായിരുന്ന അദ്ദേഹം ഇക്കഴിഞ്ഞ പരമ്പരകളിൽ തകർപ്പൻ ഫോമിലേക്കെത്തി. ഓസീസിലും ന്യൂസിലൻഡിലും അദ്ദേഹത്തിന്റെ പ്രകടനം ഏറെ മികച്ചതായിരുന്നു. ഇതാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ പരമ്പരകളിൽ നിന്ന് ലഭിച്ച പോസിറ്റീവ് കാര്യം. നിലവിൽ ടീമിന് ഏറെ സന്തോഷം നൽകുന്നതും ഇതാണ്.” ഗാംഗുലി പറഞ്ഞു.

വിജയ് ശങ്കറിന്റേയും ഋഷഭ് പന്തിന്റേയും പ്രകടനങ്ങളേയും ആവോളം പുകഴ്ത്തിയ ഗാംഗുലി, ഏകദിനത്തിലെ മൊഹമ്മദ് ഷാമിയുടെ ബോളിംഗ് പ്രകടനത്തേയും പ്രശംസിച്ചു. വിജയ് ശങ്കറിന്റെ ബാറ്റിംഗ് ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ ഗാംഗുലി, അദ്ദേഹം പക്ഷേ ലോകകപ്പ് ടീമിൽ ഉൾപ്പെടാനുള്ള‌ സാധ്യത കുറവാണെന്നും അഭിപ്രായപ്പെട്ടു.