SHARE

ടിവി ഷോയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശനങ്ങളെ തുടര്‍ന്ന് കരിയര്‍ തന്നെ പ്രതിസന്ധിയിലായ ഹര്‍ദിക് പാണ്ഡ്യയ്ക്കും ലോകേഷ് രാഹുലിനും മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ പിന്തുണ. തെറ്റുപറ്റാത്ത മനുഷ്യരില്ലെന്നും അവര്‍ നല്ല മനുഷ്യരായി തിരിച്ചെത്തുമെന്നും ഗാംഗുലി പറഞ്ഞു. നമ്മള്‍ മനുഷ്യരാണ്, യന്ത്രങ്ങളല്ല. അതിനാല്‍ പെര്‍ഫെക്റ്റ് ആകാന്‍ കഴിയില്ല. വിവാദങ്ങളെ മറികടക്കണം, വീണ്ടും ഇക്കാര്യങ്ങള്‍ ആവര്‍ത്തിക്കാതെ നോക്കാണമെന്നും ഗാംഗുലി ഇരുവരെയും ഉപദേശിച്ചു.

ആളുകള്‍ തെറ്റുവരുത്തുന്നത് സ്വാഭാവികമാണ്. ആരൊക്കെയാണോ തെറ്റ് ചെയ്തത്, അവരത് മനസിലാക്കി നല്ല മനുഷ്യനായി തിരിച്ചെത്തുമെന്ന് ഉറപ്പാണ്. മുംബൈയില്‍ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു മുന്‍ ക്യാപ്റ്റന്റെ പ്രതികരണം. അവരെല്ലാം നല്ല മനുഷ്യരാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി എല്ലാവര്‍ക്കും മാതൃകയാണ്. എല്ലാ ജനറേഷനിലും ഇതിഹാസ താരങ്ങളെ ഇന്ത്യ സമ്മാനിച്ചിട്ടുണ്ട്. നമുക്ക് സുനില്‍ ഗവാസ്‌കറുണ്ടായിരുന്നു. അതിനുശേഷം സച്ചിന്‍ തെണ്ടുല്‍ക്കര്‍ വന്നു- ഗാംഗുലി പറയുന്നു.

ഇത്തരം കാര്യങ്ങള്‍ എല്ലാവരുടെ ജീവിതത്തിലും ഉണ്ടാകും. അതില്‍നിന്നും മുന്നോട്ടുപോകുക. ഇനിയും ആവര്‍ത്തിക്കാതിരിക്കുക. ആധുനിക കാലത്ത് ക്രിക്കറ്റ് താരങ്ങള്‍ ഉത്തരവാദിത്വമുള്ളവരാണ്. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ രാഹുലിനെയും പാണ്ഡ്യയെയും ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് പരമ്പരകളില്‍ നിന്ന് ഒഴിവാക്കിയിരുന്നു.