SHARE

ഇംഗ്ലണ്ടിനെതിരെ ഇന്ന് ആരംഭിക്കുന്ന അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ യുവതാരങ്ങളായ ഹനുമ വിഹാരിയേയും, പ്രിഥ്വി ഷായേയും ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. ഇന്ത്യയുടെ ബാറ്റിംഗ് നിരയിൽ മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണെന്നും, ഫോമിലല്ലാത്ത താരങ്ങളെ അന്തിമ ഇലവനിൽ നിന്ന് ഒഴിവാക്കണമെന്നും ടൈസ് ഓഫ് ഇന്ത്യയിൽ എഴുതിയ കോളത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

” ഇന്ത്യൻ ടീമിൽ ചില മാറ്റങ്ങൾ വളരെ അനിവാര്യമാണ്. പ്രിഥ്വിഷായ്ക്ക് അന്തിമ ഇലവനിൽ സ്ഥാനം നൽകേണ്ടതുണ്ട്. അവൻ ചെറുപ്പമാണ്. ആരെയും ഭയപ്പെടാത്ത ബാറ്റിംഗ് ശൈലിയും. ഇന്ത്യ എ യ്ക്ക് വേണ്ടി ഇംഗ്ലണ്ടിലും അദ്ദേഹം മികച്ച പ്രകടനം നടത്തി. അദ്ദേഹത്തെ കളിപ്പിക്കുന്നത് ടീമിന്റെ മുൻ നിര ശക്തമാക്കും. അത് പോലെ തന്നെയാണ് ഹനുമ വിഹാരിയുടെ കാര്യവും. വിഹാരിയേയും ടീമിലേക്ക് കൊണ്ട് വന്നാൽ ഇന്ത്യയുടെ ബാറ്റിംഗ് നിരയുടെ ആഴം വർധിക്കും. മധ്യനിരയിൽ മികച്ച പ്രകടനം നടത്താൻ കഴിവുള്ള താരമാണ് വിഹാരി”. ഗാംഗുലി പറഞ്ഞുനിർത്തി.

അതേ സമയം അവസാന മത്സരത്തിൽ കളിച്ച് വിഹാരി അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും, പ്രിഥ്വി ഷായ്ക്ക് വീണ്ടും പുറത്തിരിക്കേണ്ടി വരുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം നടന്ന ടീമിന്റെ നെറ്റ് പ്രാക്ടീസ് സെഷനിലും വളരെ കുറച്ച് സമയം മാത്രമായിരുന്നു താരത്തിന് ബാറ്റിംഗിന് അവസരം ലഭിച്ചത്. മുൻ മത്സരങ്ങളിൽ പാടേ നിരാശപ്പെടുത്തിയെങ്കിലും കെ.എൽ രാഹുലിന് ഒരു അവസാന അവസരം കൂടി നൽകാൻ കോലി തീരുമാനിച്ചാൽ പ്രിഥ്വി ഷായുടെ അന്താരാഷ്ട്ര അരങ്ങേറ്റം ഇനിയും നീളും.