പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ആദ്യ രണ്ടു മത്സരങ്ങള്‍ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു. ഡെയ്ല്‍ സ്റ്റെയ്നും ക്വന്റണ്‍ ഡികോക്കിനും വിശ്രമം നല്‍കിയാണ് ആതിഥേയര്‍ ആദ്യ മത്സരത്തിനിറങ്ങുന്നത്. എയ്ഡന്‍ മാര്‍ക്രം, ഡുവാനെ ഒലിവര്‍ എന്നിവരാണ് പകരക്കാര്‍. ഫഫ് ഡുപ്ലിസിസ് ആണ് നായകന്.
പാക്കിസ്ഥാനെതിരായ മൂന്നാം ടെസ്റ്റിന്റെ നാലാം ഇന്നിംഗ്സില്‍ സ്റ്റെയ്ന് നേരിയ പരിക്കേറ്റിരുന്നു. ലോകകപ്പ് അടുത്തു നില്‍ക്കേ സൂപ്പര്‍ ബൗളര്‍ക്ക് കൂടുതല്‍ സമ്മര്‍ദം നല്കാതിരിക്കാനാണ് വിശ്രമം അനുവദിച്ചത്. അടുത്തിടെ അടിക്കടി പരിക്കേറ്റ സ്റ്റെയ്ന് ദീര്‍ഘകാലം കളത്തിനു പുറത്തായിരുന്നു. പാക്കിസ്ഥാനെതിരേ ടെസ്റ്റില്‍ നടത്തിയ മിന്നും പ്രകടനമാണ് ഒലിവറിന് ടീമില്‍ ഇടം ലഭിക്കാന്‍ സഹായിച്ചത്.
ഭാവി നായകനെന്ന് വിലയിരുത്തപ്പെടുന്ന മാര്‍ക്രത്തിന് ലോകകപ്പ് ടീമില്‍ ഇടംപിടിക്കാന്‍ ലഭിക്കുന്ന അവസരങ്ങളിലൊന്നാകും പരമ്പര. ടെസ്റ്റില്‍ മികവു തുടരുമ്പോഴും ഏകദിനത്തില്‍ താരം അത്ര മികച്ച ബാറ്റിംഗല്ല നടത്തുന്നത്. 16 ഏകദിനത്തില്‍ നേടിയത് കേവലം 407 റണ്‍സ് മാത്രം. ശനിയാഴ്ച്ചയാണ് ആദ്യ ഏകദിനം.