SHARE

ഈ വർഷം ഒക്ടോബറിൽ ഇന്ത്യയ്ക്കെതിരെ നടക്കാനിരിക്കുന്ന മൂന്ന് മത്സര ടെസ്റ്റ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. സീനിയർ താരം ഫാഫ് ഡുപ്ലെസിസ് തന്നെ നായകനായിട്ടുള്ള ടീമിന്റെ ഉപനായകൻ ടെംബ ബാവുമയാണ്. മൂന്ന് അൺ ക്യാപ്പ്ഡ് താരങ്ങൾ ടെസ്റ്റ് സംഘത്തിൽ ഇടം പിടിച്ചതാണ് ആരാധകർക്ക് സർപ്രൈസ് നൽകുന്നത്. ആൻറിച്ച് നോർത്തെ, സെനരൻ മുത്തുസ്വാമി, റൂഡി സെക്കൻഡ് എന്നിവരാണ് ഈ മൂന്ന് താരങ്ങൾ.

സ്പിന്നർമാർ നിർണായക പങ്ക് വഹിക്കുമെന്ന് കരുതപ്പെടുന്ന ടെസ്റ്റ് പരമ്പരയിൽ മൂന്ന് സ്പിന്നർമാരെയാണ് ദക്ഷിണാഫ്രിക്ക അണിനിരത്തുന്നത്. കേശവ് മഹാരാജ് നയിക്കുന്ന സ്പിൻ നിരയിലുള്ള മറ്റ് താരങ്ങൾ മുത്തുസ്വാമി, ഡേൻ പീഡ്റ്റ് എന്നിവരാണ്. അടുത്തിടെ ക്രിക്കറ്റിൽ നിന്ന് വിരമിച്ച സൂപ്പർ താരം ഹഷീം അംലയുടെ അഭാവം പരമ്പരയിൽ ദക്ഷിണാഫ്രിക്കയെ അലട്ടിയേക്കും.

ഐഡൻ മാർക്രവും, ഡീൻ എൽഗറും ചേർന്ന് ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. വെർണോൺ ഫിലാൻഡർ, കാഗിസോ റബാഡ, നോർത്തെ, ലുങ്കി എംഗിഡി എന്നിവരാണ് പേസ് നിരയെ നയിക്കുക. ഒക്ടോബർ രണ്ടാം തീയതി വിശാഖപട്ടണത്താണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് നടക്കുക. തുടർന്നുള്ള മത്സരങ്ങൾക്ക് റാഞ്ചിയും, പൂനെയും ആതിഥേയരാവും.

ടീം ഇങ്ങനെ – ഫാഫ് ഡുപ്ലെസിസ് (ക്യാപ്റ്റൻ), ടെംബ ബാവുമ, താനിസ് ഡിബ്രൂയിൻ, ഡി കോക്ക്, ഡീൻ എൽഗർ, ഹംസ, മഹാരാജ്, മാർക്രം, മുത്തുസ്വാമി, ലുങ്കി എംഗിഡി, നോർത്തെ, ഫിലാൻഡർ, ഡേൻ പിഡ്റ്റ്, കാഗിസോ റബാഡ, റൂഡി സെക്കൻഡ്.