ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന് കൊണ്ടിരിക്കുന്ന നാലാം ടെസ്റ്റ് മത്സരത്തില്‍ ഓസ്ട്രേലിയ 221 റണ്‍സിന് പുറത്ത്. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ദക്ഷിണാഫ്രിക്ക ചായക്ക് പിരിയുമ്പോള്‍ 58-1 എന്ന നിലയിലാണ്. 16 റണ്‍സെടുത്ത ഡീന്‍ എല്‍ഗറും 4 റണ്‍സെടുത്ത ഹാഷിം അംലയുമാണ് ക്രീസിലുള്ളത്. 37 റണ്‍സെടുത്ത ഐഡന്‍ മാര്‍ക്രമാണ് പുറത്തായത്.
ആദ്യ ഇന്നിംഗ്സിലെ ദക്ഷിണാഫ്രിക്കന്‍ സ്കോറായ 488 റണ്‍സിനെതിരെ ഓസ്ട്രേലിയയുടെ മറുപടി ഇന്നലെ തകര്‍ച്ചയോടെയാണ് തുടങ്ങിയത്. സ്കോര്‍ ബോര്‍ഡില്‍ 38 റണ്‍സെത്തുമ്പോഴേക്കും മൂന്നു വിക്കറ്റുകളാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. ഓപ്പണര്‍മാരായ മാറ്റ് റെന്‍ഷോ എട്ടു റണ്‍സെടുത്തും ജോ ബേണ്‍സ് നാലും റണ്‍സുമെടുത്തുമാണ് പുറത്തായത്. പീറ്റര്‍ ഹാന്‍ഡ്സ്കോംബ് റണ്ണൊന്നുമെടുക്കാതെ ഫിലാന്‍ഡര്‍ക്ക് വിക്കറ്റ് സമ്മാനിച്ചു. ഉസ്മാന് ഖവാജ 53 റണ്‍സെടുത്ത് ഇന്നിംഗ്സിനെ മുന്നോട്ടു നയിച്ചെങ്കിലും താരത്തിന് പിന്തുണ നല്കാന് ആരുമുണ്ടായിരുന്നില്ല. ഷോണ്‍ മാര്‍ഷ് (16), മിച്ചല്‍ മാര്‍ഷ് (4) എന്നിവരും പുറത്തായതോടെ രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ 110-6 എന്ന നിലയിലായിരുന്നു ഓസ്ട്രേലിയ.
മൂന്നാം ദിനം ക്രീസില്‍ ഒത്തുചേര്‍ന്ന ടിം പെയിനും പാറ്റ് കമ്മിന്‍സും ചേര്‍ന്ന് ഓസ്ട്രേലിയയുടെ നില അല്‍പ്പം ഭദ്രമാക്കി. ഇരുവരും ചേര്‍ന്ന ഏഴാം വിക്കറ്റില്‍ 99 റണ്‍സാണ് കുട്ടിച്ചേര്‍ത്തത്. എന്നാല്‍ അര്‍ധസെഞ്ചുറി തികച്ചയുടനെ പാറ്റ് കമ്മിന്‍സിനെ കേശവ് മഹാരാജ് വിക്കറ്റിന് മുന്നില്‍ കുടുക്കി. ടിം പെയിന്‍ 62 റണ്‍സെടുത്തും നഥാന്‍ ലിയോണ്‍ എട്ടു റണ്‍സെടുത്തും പുറത്തായി. ചാഡ് സേയേഴ്സ് റണ്ണൊന്നുമെടുക്കാതെ പുറത്തായതോടെ ഓസ്ട്രേലിയയുടെ മറുപടി അവസാനിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി വെര്‍ണന്‍ ഫിലാന്‍ഡറും കഗിസോ റബാഡയും മൂന്നു വിക്കറ്റുകള്‍ വീതം നേടി. രണ്ടാം ഇന്നിംഗ്സ് ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തുടരുമ്പോള്‍ അവര്‍ക്ക് 325 റണ്‍സ് ലീഡാണുള്ളത്.