SHARE

ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. രണ്ടാം ടെസ്റ്റിൽ വിജയിച്ച ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്തിയാണ് കേപ്ടൗണിലെ നിർണായകമായ മൂന്നാം പോരാട്ടത്തിൽ ദക്ഷിണാഫ്രിക്ക കളിക്കുന്നത്. ബാവുമയും, മോർക്കലും ടീമിലെത്തിയപ്പോൾ, ഡുബ്രൂയിനും എങ്കിടിയും പുറത്തായി. അതേ സമയം കഴിഞ്ഞ മത്സരം കളിച്ച ഓസ്ട്രേലിയൻ സംഘത്തിൽ മാറ്റങ്ങളൊന്നുമില്ല.

നാല് ടെസ്റ്റുകളടങ്ങിയ പരമ്പര നിലവിൽ 1-1 എന്ന നിലയിൽ തുല്യത പാലിക്കുകയാണ്. ഡർബനിൽ നടന്ന ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയ 118 റൺസിന് വിജയിച്ചപ്പോൾ, പോർട്ട് എലിസബത്തിലെ രണ്ടാം മത്സരത്തിൽ സന്ദർശകരെ 6 വിക്കറ്റിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക ശക്തമായി പരമ്പരയിലേക്ക് തിരിച്ച് വരുകയായിരുന്നു.

ഒട്ടേറെ വിവാദങ്ങളിലൂടെയാണ് ഇരു ടീമുകളും തമ്മിലുള്ള ടെസ്റ്റ് പരമ്പര കടന്ന് പോകുന്നത്. ആദ്യ ടെസ്റ്റിൽ വാർണറും ഡികോക്കും തമ്മിലുണ്ടായ പ്രശ്നങ്ങളും, രണ്ടാം ടെസ്റ്റിനിടെ റബാഡയും സ്റ്റീവൻ സ്മിത്തും തമ്മിലുണ്ടായ വിവാദവും മറ്റൊരു തലത്തിലേക്ക് ടെസ്റ്റ് പരമ്പരയെ എത്തിച്ചു. മൂന്നാം ടെസ്റ്റിൽ ജയിക്കുന്നവർ പരമ്പരയിൽ പരാജയപ്പെടില്ലെന്നത് കൊണ്ടു തന്നെ വാശിയേറിയ പോരാട്ടത്തിനാവും കേപ്ടൗൺ സാക്ഷ്യം വഹിക്കുക എന്നതുറപ്പ്.