SHARE

ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന് കൊണ്ടിരിക്കുന്ന മൂന്നാം ടെസ്റ്റ് മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തുടരുന്നു. മൂന്നാം ദിനം ചായക്ക് പിരിയുമ്പോള്‍ 151-3 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. 18 റണ്‍സെടുത്ത എ ബി ഡിവില്ലിയേഴ്‌സും റണ്ണൊന്നുമെടുക്കാതെ ഫാഫ് ഡു പ്ലെസിസുമാണ് ക്രീസിലുള്ളത്. രണ്ടാമിന്നിംഗ്‌സില്‍ 7 വിക്കറ്റുകള്‍ കയ്യിലിരിക്കേ 207 റണ്‍സ് ലീഡാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്.

245-9 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ പത്തു റണ്‍സ് കൂടി സ്‌കോറിനോട് ചേര്‍ത്തതിന് ശേഷം കൂടാരം കയറി. 10 റണ്‍സെടുത്ത ജോഷ് ഹേസല്‍വുഡിനെ റബാഡയാണ് പുറത്താക്കിയത്.. ടിം പെയിന്‍ 34 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. 77 റണ്‍സെടുത്ത കാമറോണ്‍ ബാന്‍ക്രോഫ്റ്റാണ് ഓസ്ട്രേലിയയുടെ ടോപ് സ്‌കോറര്‍. 47 റണ്‍സെടുത്ത നഥാന്‍ ലിയോണും നിര്‍ണ്ണായകമായ ബാറ്റിംഗ് പ്രകടനമാണ് കാഴ്ച്ച വെച്ചത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കഗിസോ റബാഡയും മോണെ മോര്‍ക്കലും നാലു വിക്കറ്റുകള്‍ വീതം നേടി.

ഓസ്ട്രേലിയയ്ക്കെതിരെ നേരിയ ലീഡും നേടി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ഡീന്‍ എല്‍ഗറിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ആദ്യ ഇന്നിംഗ്സില്‍ 141 റണ്‍സെടുത്ത് പുറത്താവാതെ നിന്ന എല്‍ഗറിന് ഇന്ന് പിഴക്കുകയായിരുന്നു. 14 റണ്‍സാണ് എല്‍ഗര്‍ നേടിയത്. എല്‍ഗറെ നഷ്ടമായെങ്കിലും സഹ ഓപ്പണര്‍ മര്‍ക്രം ക്രീസില്‍ പിടിച്ചു നിന്നു. 31 റണ്‍സെടുത്ത ഹാഷിം അംലയെ കൂട്ടുപിടിച്ച് പതുക്കെ ഇന്നിംഗ്‌സിനെ മുന്നോട്ടു നയിച്ചു. എന്നാല്‍ അംല പാറ്റ് കമ്മിന്‍സിന് വിക്കറ്റ് സമ്മാനിച്ചു. ചായക്ക് പിരിയുന്നതിന് തൊട്ടു മുമ്പ് 84 റണ്‍സെടുത്ത മര്‍ക്രത്തെയും ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി പാറ്റ് കമ്മിന്‍സ് രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.