SHARE

ഒടുവില്‍ ദക്ഷിണാഫ്രിക്ക വീര്യം വീണ്ടെടുത്തു. അതും കളിയുടെ അവസാന നിമിഷങ്ങളില്‍. എ.ബി. ഡിവില്യേഴ്‌സ് തുടക്കമിട്ട വെടിക്കെട്ട് ഡേവിഡ് മില്ലറും ഹെയ്ന്റിച്ച് ക്ലാസനും തുടര്‍ന്നതോടെ ദക്ഷിണാഫ്രിക്കന്‍ ജയം അഞ്ചുവിക്കറ്റിന്. മഴ മൂലം 28 ഓവറില്‍ 202 റണ്‍സായി പുനര്‍ക്രമീകരിച്ച വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക അഞ്ചുവിക്കറ്റ് ബാക്കിനില്‍ക്കേ മറികടന്നു. മില്ലര്‍ 28 പന്തില്‍ 39 റണ്‍സും ക്ലാസന്‍ (43) റണ്‍സും നേടി ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.

ഒരോവറില്‍ രണ്ടു തവണ ജീവന്‍ കിട്ടിയത് മില്ലര്‍ ശരിക്കും മുതലാക്കുന്നതാണ് കണ്ടത്. യുഷ്‌വേന്ദ്ര ചഹാല്‍ എറിഞ്ഞ പതിനെട്ടാം ഓവറിലായിരുന്നു കളിയുടെ ഗതി മാറിത്തുടങ്ങിയത്. അതുവരെ പതുങ്ങി നിന്ന മില്ലര്‍ക്ക് മൂന്നാം പന്തില്‍ ആദ്യ ജീവന്‍ കിട്ടി. ആദ്യം ക്യാച്ച് വിട്ടു കളഞ്ഞെങ്കില്‍ ആറാം പന്തില്‍ ക്ലീന്‍ബൗള്‍ഡ് ചെയ്‌തെങ്കിലും നോബോളായതിനാല്‍ മില്ലര്‍ രക്ഷപ്പെട്ടു. പിന്നെ മില്ലറിന്റെ കടന്നാക്രമണത്തിനാണ് വാണ്ടറേഴ്‌സ് സാക്ഷ്യം വഹിച്ചത്. ഹര്‍ദിക് പാണ്ഡ്യ എറിഞ്ഞ പത്തൊമ്പതാം ഓവറിലെ ആദ്യ മൂന്നു പന്തും ബൗണ്ടറി കടത്തിയാണ് മില്ലര്‍ ആഘോഷിച്ചത്. ഡിവില്യേഴ്‌സിന് പകരം ക്രീസിലെത്തിയ ഹെയ്ന്റിച്ച് ക്ലാസനും ഒപ്പം ചേര്‍ന്നതോടെ ഇന്ത്യ കളി കൈവിട്ടു. കോപ്പിബുക്ക് ശൈലിയില്‍ മില്ലര്‍ ബാറ്റു വീശിയപ്പോള്‍ പാഡില്‍ സ്വീപ്പും റിവേഴ്‌സ് സ്വീപ്പുമൊക്കെയായി ക്ലാസന്‍ കാണികളെ രസിപ്പിച്ചു.

പരമ്പരയിലുടനീളം ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാരെ വെള്ളംകുടിപ്പിച്ച ചഹാല്‍-കുല്‍ദീപ് കൂട്ടുകെട്ടിനെ നിലയ്ക്കു നിര്‍ത്താതെ പായിക്കുകയെന്ന ഗെയിം പ്ലാനായിരുന്നു ആദ്യം ഡിവില്യേഴ്‌സും പിന്നീട് മില്ലറും ക്ലാസനും നടപ്പിലാക്കിയത്. ചഹാല്‍ ആദ്യ ഓവറില്‍ വിട്ടുകൊടുത്തത് 16 റണ്‍സ്. അഞ്ചോവറില്‍ ചഹാലിന് വഴങ്ങേണ്ടി വന്നത് 54 റണ്‍സും. ഓവറില്‍ പത്തു റണ്‍സിലേറെ ഒരുഘട്ടത്തില്‍ ജയിക്കാന്‍ വേണ്ടിയിരുന്ന ആതിഥേയരെ കളിയിലേക്ക് കൊണ്ടുവന്നതും സ്പിന്നര്‍മാര്‍ അയഞ്ഞ ബൗളിംഗായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി ശിഖര്‍ ധവാന്‍ സെഞ്ചുറി നേടി. ധവാന്റെയും നായകന്‍ വിരാട് കോഹ്ലിയുടെ അര്‍ധ സെഞ്ചുറിയുടേയും കരുത്തില്‍ നിശ്ചിത 50 ഓവറില്‍ ടീം ഇന്ത്യ നേടിയത് 7 വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സ്. അവസാന ഓവറുകളില്‍ പ്രതീക്ഷിച്ച പോലെ റണ്‍ നിരക്കുയര്‍ത്താന്‍ കഴിയാതിരുന്നത് മുന്നൂറിനപ്പുറം സ്‌കോറുയര്‍ത്തുന്നതില്‍ നിന്ന് ടീം ഇന്ത്യയെ തടഞ്ഞു. നൂറാം മത്സരം കളിക്കുന്ന ശിഖാര്‍ ധവാനായിരുന്നു ഇന്ത്യന്‍ ഇന്നിംഗ്‌സിലെ താരം. 105 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളും 2 സിക്‌സറുമടക്കം 109 റണ്‍സാണ് ഇടം കൈയ്യന്‍ ഓപ്പണര്‍ അടിച്ച് കൂട്ടിയത്. ദക്ഷിണാഫ്രിക്ക റണ്‍പിന്തുടരാന്‍ തുടങ്ങി 7.2 ഓവര്‍ പിന്നിട്ടപ്പോള്‍ മഴയെത്തുകയായിരുന്നു. ഒരു വിക്കറ്റിന് 43 റണ്‍സെന്ന നിലയിലായിരുന്നു ആഫ്രിക്കക്കാര്‍ അപ്പോള്‍. പിന്നീട് വിജയലക്ഷ്യം 28 ഓവറില്‍ 202 റണ്‍സായി പുതുക്കി നിശ്ചയിക്കുകയായിരുന്നു.