SHARE

അയർലൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കക്ക് 42 റൺസിന്റെ ഉജ്ജ്വല ജയം. ബെൽഫാസ്റ്റിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറുകളിൽ 159/7 എന്ന മാന്യമായ സ്കോർ നേടിയപ്പോൾ, അയർലൻഡിന്റെ മറുപടി 117 റൺസിൽ ഒതുങ്ങുകയായിരുന്നു‌. ദക്ഷിണാഫ്രിക്ക 38/4 എന്ന നിലയിൽ ബാറ്റിംഗ് തകർച്ച നേരിടവെ ക്രീസിലെത്തി പുറത്താകാതെ 75 റൺസ് നേടിയ ഡേവിഡ് മില്ലറാണ് മത്സരത്തിലെ സൂപ്പർ ഹീറോ.

മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അക്കൗണ്ട് തുറക്കുന്നതിന് മുന്നേ രണ്ട് വിക്കറ്റുകൾ നഷ്ടമായ അവർക്ക് 10 ഓവറുകളെത്തുമ്പോളേക്കും അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ടു. ഈ‌ സമയം 59 റൺസ് മാത്രമായിരുന്നു സ്കോർ ബോർഡിലുണ്ടായിരുന്നത്. എന്നാൽ ആറാമനായി ക്രീസിലെത്തിയ ഡേവിഡ് മില്ലർ, വിയാൻ മൾഡറേയും, വാലറ്റത്തേയും കൂട്ടു പിടിച്ച് നടത്തിയ രക്ഷാ പ്രവർത്തനം ദക്ഷിണാഫ്രിക്കയെ മാന്യമായ‌ സ്കോറിലെത്തിക്കുകയായിരുന്നു. 44 പന്തിൽ 4 ബൗണ്ടറികളുടേയും, 5 സിക്സറുകളുടേയും സഹായത്തോടെ അഴിഞ്ഞാടിയ മില്ലറുടെ ബാറ്റിംഗില്ലായിരുന്നെങ്കിൽ ദക്ഷിണാഫ്രിക്കൻ സ്കോർ 100 കടക്കില്ലായിരുന്നു. മില്ലറിന് ഉറച്ച പിന്തുണ നൽകിയ മൾഡർ 26 പന്തിൽ 2 വീതം ബൗണ്ടറികളും സിക്സറുകളുമടക്കം 36 റൺസ് സ്കോർ ചെയ്തു.

അതേ സമയം പ്രതിരോധിക്കാൻ മാന്യമായ‌ സ്കോറുള്ളതിന്റെ ആത്മ വിശ്വാസത്തിൽ ബോളിംഗിനെത്തിയ ദക്ഷിണാഫ്രിക്ക ഫോർടൂയിന്റേയും, ഷംസിയുടേയും നേതൃത്വത്തിൽ ആഞ്ഞടിക്കുകയായിരുന്നു. ഇതോടെ തകർന്ന അയർലൻഡ് വെറും 117 റൺസിൽ പുറത്തായി‌. ഷംസി 14 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, ഫോർടൂയിൻ 16 റൺസ് വിട്ടുകൊടുത്താണ് മൂന്ന് വിക്കറ്റുകൾ പിഴുതത്. രണ്ട് ഐറിഷ് ബാറ്റ്സ്മാന്മാരെ‌ പവലിയനിലേക്ക് പറഞ്ഞയച്ച ബ്യൂറൻ ഹെൻഡ്രിക്ക്സും ദക്ഷിണാഫ്രിക്ക‌‌ൻ ബോളർമാരിൽ തിളങ്ങി.