SHARE

പാക്കിസ്ഥാനെതിരായ ഏകദിന പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക് സ്വന്തം. നിര്‍ണായകമായ അഞ്ചാം ഏകദിനത്തില്‍ ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയാണ് ഫഫ് ഡുപ്ലിസിസും കൂട്ടരും പുതുവര്‍ഷത്തിലെ ആദ്യ പരമ്പര നേട്ടം ആഘോഷിച്ചത്. 58 പന്തില്‍ 83 റണ്‍സെടുത്ത ക്വന്റണ്‍ ഡികോക്കാണ് കളിയിലെ താരം. സ്‌കോര്‍ പാക്കിസ്ഥാന്‍ 240-8, ദക്ഷിണാഫ്രിക്ക 241-3.

പാക്കിസ്ഥാന്‍ ഉയര്‍ത്തിയ സ്‌കോര്‍ ഈ പിച്ചില്‍ അത്ര വലിയ ലക്ഷ്യമൊന്നുമായിരുന്നില്ല. 14 റണ്‍സെടുത്ത ഹാഷീം അംലയെ തുടക്കത്തിലേ നഷ്ടമായെങ്കിലും ഡികോക്ക് തകര്‍പ്പന്‍ ഫോമിലായിരുന്നു. ബൗളര്‍മാരെ കടന്നാക്രമിച്ച ഡികോക്ക് 11 ബൗണ്ടറിയും മൂന്നു സിക്‌സറും സഹിതമാണ് 83 റണ്‍സെടുത്തത്. പിന്നീടെത്തിയ ഡുപ്ലിസിസും (50), വാന്‍ ഡെര്‍ ഡൂസനും (50) ചേര്‍ന്ന് ജയം പൂര്‍ത്തിയാക്കി.

ആദ്യം ബാറ്റുചെയ്ത പാക്കിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ എട്ടുവിക്കറ്റിന് 240 റണ്‍സെടുത്തു. 73 പന്തില്‍ 70 റണ്‍സെടുത്ത ഓപ്പണര്‍ ഫക്കര്‍ സമനാണ് ടോപ്‌സ്‌കോറര്‍. ഓപ്പണര്‍ ഇമാം ഉള്‍ഹഖ് (8) തുടക്കത്തിലേ മടങ്ങിയെങ്കിലും ഫക്കര്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ പ്രഹരിച്ച് മുന്നേറിയ ഫക്കറിന് ബാബര്‍ അസമും (24), മുഹമ്മദ് ഹഫീസും (17) പിന്തുണ നല്കി. എന്നാല്‍ ഫാല്‍ക്വാലയുടെ പന്തില്‍ ഫക്കര്‍ വീണതോടെ പാക് പതനവും തുടങ്ങി. രണ്ടിന് 108 റണ്‍സില്‍ നിന്ന് ഏഴിന് 200 ലേക്ക് വീണത് പെട്ടെന്നാണ്.

തീരെ ചെറിയ സ്‌കോറില്‍ പാക് നിര ഒതുങ്ങിയേക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ഇമദ് വസീം ബാറ്റിംഗിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്. തലങ്ങും വിലങ്ങും ബാറ്റുവീശിയ വസീം 31 പന്തില്‍ 47 റണ്‍സെടുത്ത് ഭേദപ്പെട്ട സ്‌കോറിലേക്ക് പാക്കിസ്ഥാനെ എത്തിച്ചു. പ്രട്ടോറിയസും ഫാല്‍ക്വാലയും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.