SHARE

ഇന്ത്യക്കെതിരായ നാലാം ഏകദിനത്തിൽ അഞ്ച് വിക്കറ്റിന്റെ ജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്.‌ പരമ്പരയിൽ ആദ്യ ജയം കണ്ടെത്തിയ ആതിഥേയർ ഇന്ത്യയുടെ ലീഡ് നില 3-1 ആയി കുറക്കുകയും ചെയ്തിരുന്നു. എന്നാൽ മത്സരത്തിൽ ജയിച്ചിട്ടും മറ്റൊരു രീതിയിൽ ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടി കിട്ടി.

മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കാണ് ദക്ഷിണാഫ്രിക്കൻ സംഘത്തിന് വിനയായത്. നിശ്ചിത സമയത്ത് എറിയേണ്ടതിലും ഒരു ഓവർ കുറച്ചാണ് ദക്ഷിണാഫ്രിക്ക എറിഞ്ഞതെന്നായിരുന്നു മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിന്റെ കണ്ടെത്തൽ. ഇതേത്തുടർന്ന് ദക്ഷിണാഫ്രിക്കൻ നായകൻ ഐഡൻ മാർക്രത്തിന് മാച്ച് ഫീയുടെ ഇരുപത് ശതമാനവും, ടീമിലെ ബാക്കി താരങ്ങൾക്ക് മാച്ച് ഫീയുടെ പത്ത് ശതമാനം തുകയുമാണ് പിഴ വിധിച്ചിരിക്കുന്നത്. സമാന കുറ്റം അടുത്ത 12 മാസത്തിനിടയ്ക്ക് ആവർത്തിക്കുകയാണെങ്കിൽ മാർക്രത്തിന് ശിക്ഷയായി സസ്പെൻഷൻ ലഭിക്കും.

അതേ സമയം മഴ വില്ലനായെത്തിയ കളിയിൽ പരമ്പരയിലെ ആദ്യ ജയമായിരുന്നു ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം വിജയ ലക്ഷ്യം പുനർനിർണയിച്ചപ്പോൾ 28 ഓവറിൽ 202 റൺസായിരുന്നു അവർക്ക് ജയിക്കാൻ വേണ്ടത്. ഹെന്രിച്ച് ക്ലാസന്റേയും, ഡേവിഡ് മില്ലറുടേയും ബാറ്റിംഗ് കരുത്തിൽ അവർ മത്സരത്തിൽ അനായാസ ജയം കണ്ടെത്തുകയായിരുന്നു.