SHARE

ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പിൽ ഇത് വരെ കളിച്ച് മൂന്ന് മത്സരങ്ങളും തോറ്റ് നിൽക്കുകയാണ് ദക്ഷിണാഫ്രിക്ക. ഇന്നലെ ഇന്ത്യയ്ക്കെതിരെ നടന്ന മത്സരത്തിൽ 6 വിക്കറ്റിന് പരാജയപ്പെട്ടതോടെയാണ് ഇത്തവണത്തെ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ തുടർ പരാജയങ്ങൾ മൂന്നായി ഉയർന്നത്‌‌. ചരിത്രത്തിൽ ഇതാദ്യമായാണ് ദക്ഷിണാഫ്രിക്ക ഒരു ലോകകപ്പിലെ മൂന്ന് മത്സരങ്ങളും തോറ്റ് കൊണ്ട് തുടങ്ങുന്നത്.

ഇത്തവണ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ ആദ്യ പരാജയം. 104 റൺസിന്റെ ദയനീയ തോൽവിയായിരുന്നു അന്ന് ടീമിനെ കാത്തിരുന്നത്. തങ്ങളുടെ രണ്ടാം മത്സരത്തിൽ ഏഷ്യൻ ടീമായ ബംഗ്ലാദേശിനോട് അവർ 21 റൺസിന്റെ തോൽവി ഏറ്റുവാങ്ങി. ഇന്നലെ ഇന്ത്യയ്ക്കെതിരെ നടന്ന മത്സരത്തിലാകട്ടെ 6 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടത്. എട്ട് ലോകകപ്പുകളിൽ കളിച്ചിട്ടുള്ള ദക്ഷിണാഫ്രിക്ക ഒരു ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ തോൽക്കുന്നത് ഇതാദ്യമായാണ്.

ടീമംഗങ്ങളുടെ ഉത്തരവാദിത്വമില്ലായ്മയ്ക്കൊപ്പം, സൂപ്പർ താരങ്ങൾക്കേറ്റ പരിക്കും ഇത്തവണ ദക്ഷിണാഫ്രിക്കയ്ക്ക് വിനയായി. ഡെയിൽ സ്റ്റെയിൻ പരിക്കിനെത്തുടർന്ന് ടൂർണമെന്റിൽ നിന്ന് പുറത്ത് പോയപ്പോൾ, പേസർ ലുംഗി എങ്കിടിയും നിലവിൽ പരിക്കിന്റെ പിടിയിലാണ്‌.