SHARE

ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ദക്ഷിണാഫ്രിക്കയുടെ സൂപ്പർതാരം വിരമിക്കൽ പ്രഖ്യാപിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നുമാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ ഈ ഓൾറൗണ്ടർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ദക്ഷിണാഫ്രിക്കയിലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ടീമായ ടൈറ്റൻസിന്റെ പരിശീലകനായാണ് മോറിസിന്റെ അടുത്ത ദൗത്യം.

34-കാരനായ മോറിസ് വലംകൈയ്യൻ ബാറ്റ്സമാനും ഫാസ്റ്റ് ബൗളറുമാണ്. 2012-ൽ ടി20 കളിച്ചുകൊണ്ടാണ് മോറിസ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയത്. തൊട്ടടുത്ത വർഷം ഏകിദിന ക്രിക്കറ്റിലും അരങ്ങേറിയ മോറിസിന് എന്നാൽ രാജ്യത്തിനായി ടെസ്റ്റ് കളിക്കാൻ 2016 വരെ കാത്തിരിക്കേണ്ടിവന്നു. രാജ്യത്തിനായി 42 ഏകദിനം കളിച്ച മോറിസ് 2019 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കായി ഏറ്റവുമധികം വിക്കറ്റ് നേടിയ താരവുമായിരുന്നു. നാല് തവണ ടെസ്റ്റിലും 23 തവണ ടി20യിലും മോറിസ് ദക്ഷിണാഫ്രിക്കയുടെ ജേഴ്സി അണിഞ്ഞു.

ഇന്ത്യൻ പ്രീമിയർ ലീ​ഗിലെ ശ്രദ്ധേയ സാന്നിധ്യങ്ങളിലൊരാൾ കൂടിയാണ് മോറിസ്. ചെന്നൈ സൂപ്പർ കിങ്സ്, രാജസ്ഥാൻ റോയൽസ്, ഡെൽഹി ക്യാപിറ്റൽസ്, റോയൽ ചാലഞ്ചേഴ്സ് ബെം​ഗളുരു എന്നിവർക്കായി മോറിസ് കളിച്ചു. കഴിഞ്ഞ ഐപിഎല്ലിനായി 16.25 കോടി രൂപ മുടക്കി രാജസ്ഥാൻ വിളിച്ചെടുത്തതോടെ ലീ​ഗ് ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരവുമായി മോറിസ് മാറി.