SHARE

പല കായികയിനങ്ങളിലും ടീമുകൾ തങ്ങളുടെ തന്ത്രങ്ങൾ മത്സരത്തിന് മുന്നേ വെളിപ്പെടുത്താറുണ്ടെങ്കിലും ക്രിക്കറ്റിൽ വളരെ അപൂർവ്വമായി മാത്രമാണ് അത് സംഭവിക്കാറുള്ളത്. ഇപ്പോളിതാ ഇങ്ങനെയൊരു സംഭവം ക്രിക്കറ്റിൽ അരങ്ങേറിയിരിക്കുന്നു. ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടന്ന് കൊണ്ടിരിക്കുന്ന ആദ്യ ടെസ്റ്റിനിടെ, മത്സരത്തിലെ ദക്ഷിണാഫ്രിക്കയുടെ തന്ത്രങ്ങൾ പുറത്ത് വിട്ടിരിക്കുന്നത് മത്സരത്തിന്റെ ഔദ്യോഗിക സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിട്ടുള്ള സൂപ്പർ സ്പോർട്ടാണ്. ക്രിക്കറ്റിൽ വലിയ വിവാദത്തിന് വഴി വെക്കുന്ന സംഭവമാണിത്‌.

മത്സരത്തിൽ ശ്രീല‌ങ്ക ആദ്യ ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങുമ്പോളായിരുന്നു സംഭവം. ലങ്കൻ ബാറ്റ്സ്മാന്മാരെ പുറത്താക്കാൻ ദക്ഷിണാഫ്രിക്ക പ്ലാൻ ചെയ്തിരുന്ന കാര്യങ്ങൾ സൂപ്പർ സ്പോർട്ട് പുറത്ത് വിടുകയായിരുന്നു. ലങ്കയുടെ ഓരോ ബാറ്റ്സ്മാന്മാരെയും പുറത്താക്കാൻ ദക്ഷിണാഫ്രിക്ക തയ്യാറാക്കി വെച്ചിരുന്ന വിശദമായ പദ്ധതികളായിരുന്നു സൂപ്പർ സ്പോർട്ട് പുറത്ത് വിട്ടത്‌. ഓരോ ബാറ്റ്സ്മാന്മാരെയും പുറത്താക്കാൻ എവിടെ, എങ്ങനെയാണ് ദക്ഷിണാഫ്രിക്കൻ ബോളർമാർ പന്തെറിയേണ്ടത് എന്നത് പോലുമുള്ള വിവരങ്ങൾ സൂപ്പർ സ്പോർട്ട് പുറത്ത് വിട്ട ദക്ഷിണാഫ്രിക്കയുടെ ടീം പ്ലാനിംഗിലുണ്ട്.

തങ്ങളുടെ ടീം പദ്ധതികൾ മത്സരത്തിനിടെ ലീക്കായത് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിനെ അസ്വസ്ഥരാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി ക്രിക്കറ്റ് സൗത്താഫ്രിക്കയും, രാജ്യത്തിൽ നടക്കുന്ന മത്സരങ്ങളുടെ ഔദ്യോഗികം സം പ്രേക്ഷണം സ്വന്തമാക്കിയ സൂപ്പർ സ്പോർട്ടും തമ്മിൽ അകൽച്ചയിലാണ്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ അവരുടെ ടീം ലിസ്റ്റ് പോലും ചോർത്തപ്പെട്ടിരിക്കുന്നത്.