SHARE

ലോകകപ്പ് ഗ്രൂപ്പ് എഫില്‍ മെക്‌സിക്കോയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ദക്ഷിണ കൊറിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് മെക്‌സിക്കോ പരാജയപ്പെടുത്തിയത്. സൂപ്പര്‍ താരം ജാവിയര്‍ ഹെര്‍ണാണ്ടസും കാര്‍ലോസ് വെലയുമാണ് മത്സരത്തില്‍ മെക്സിക്കോയുടെ ഗോളുകൾ നേടിയത്. കൊറിയയുടെ ആശ്വാസ ഗോൾ ഹ്യൂഗിമിൻ സണ്ണാണ് നേടിയത്. 

ആദ്യ പകുതിയില്‍ മികച്ച മുന്നേറ്റങ്ങളാണ് ഇരുടീമുകളും നടത്തിയത്. മെക്സിക്കോ ജര്‍മ്മനിക്കെതിരെ നടത്തിയ പ്രകടനം തുടര്‍ന്നപ്പോള്‍ ഹ്യൂഗ്മിന്‍ സണ്‍ കൊറിയന്‍ മുന്നേറ്റത്തെ നയിച്ചു. ഗോള്‍ നേടാന്‍ ഒന്നിലധികം അവസരങ്ങളാണ് സണ്ണിന് ലഭിച്ചത്. എന്നാല്‍ അതൊന്നും മുതലാക്കാന്‍ ടോട്ടനം താരത്തിന് കഴിഞ്ഞില്ല.

26ാം മിനുട്ടില്‍ ആരാധകര്‍ കാത്തിരുന്ന നിമിഷമെത്തി. കൊറിയന്‍ ബോക്സിനുള്ളില്‍ വെച്ച് പ്രതിരോധ താരത്തിന്റെ കൈയില്‍ പന്ത് തട്ടുന്നു. ഉടന്‍ തന്നെ റഫറി മെക്സിക്കോയ്ക്ക് പെനാല്‍ട്ടി അനുവദിച്ചു. കിക്കെടുക്ക കാര്‍ലോസ് വെലയ്ക്ക് പിഴച്ചില്ല. ഒരു ഗോള്‍ ലീഡോടെ ആദ്യ പകുതി അവസാനിക്കാന്‍ മെക്‌സിക്കോക്ക് കഴിഞ്ഞു.

66ാം മിനുട്ടില്‍ സൂപ്പര്‍ താരം ജാവിയര്‍ ഹെര്‍ണാണ്ടസ് മെക്‌സിക്കോയുടെ ലീഡുയര്‍ത്തി. ജര്‍മ്മനിക്കെതിരെ ഗോള്‍ നേടിയ ലൊസാനോയുടെ അസിസ്റ്റിനൊടുവിലാണ് ഹെര്‍ണാണ്ടസ് ഗോള്‍ നേടിയത്. . ലോകകപ്പിലെ രണ്ടാം മത്സരത്തിലും ഏഷ്യന്‍ വമ്പന്‍മാര്‍ തോല്‍വിയോടെ മടങ്ങി. ഇഞ്ചുറി ടൈമിൽ അതുവരെ നഷ്ടപ്പെടുത്തിയ അവസരങ്ങൾക്ക് സൺ പ്രായശ്ചിത്തം നൽകി. ബോക്സിന് മുന്നിൽ നിന്ന് മികച്ചൊരു ഷോട്ടിലൂടെയാണ് സൺ ഗോൾ നേടിയത്. എന്നാൽ റഫറിയുടെ അന്തിമ വിസിൽ മുഴങ്ങാൻ അധികം സമയം ബാക്കിയുണ്ടായിരുന്നില്ല. രണ്ടാം തോൽവിയിൽ കൊറിയ നിരാശയോടെ മടങ്ങി.