ഇന്ത്യയ്‌ക്കെതിരെ നടന്ന് കൊണ്ടിരിക്കുന്ന ആറാം ഏകദിനത്തില്‍ തകർന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക. മത്സരം 41 ഓവര്‍ പിന്നിട്ടപ്പോള്‍ 166-7 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. 9 റണ്‍സെടുത്ത ആന്‍ഡൈല്‍ പെഹ്ലുഖ്വായോയും 10 റണ്‍സെടുത്ത മോണെ മോര്‍ക്കലുമാണ് ക്രീസിലുള്ളത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ ഹാഷിം അംലയും അയ്ഡന്‍ മര്‍ക്രവും കരുതലോടെയാണ് തുടങ്ങിയത്. ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്ക് കാട്ടിയപ്പോള്‍ താക്കൂറിന്റെ ഓവറുകളെ ആശ്രയിച്ചാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സ് മുന്നോട്ട് നീങ്ങിയത്.
എന്നാല്‍ 10 റണ്‍സെടുത്ത അംലയെ പുറത്താക്കി താക്കൂര്‍ ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചു. സ്‌കോര്‍ ബോര്‍ഡില്‍ 43 റണ്‍സെത്തിയപ്പോള്‍ ക്യാപ്റ്റന്‍ മര്‍ക്രത്തെയും ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടപ്പെട്ടു. താക്കൂറിന്റെ പന്തില്‍ ശ്രേയസ്സ് അയ്യര്‍ പിടിച്ചാണ് മര്‍ക്രം പുറത്തായത്.
30 റണ്‍സെടുത്ത എ ബി ഡിവില്ലിയേഴ്‌സും 54 റണ്‍സെടുത്ത ഖായാ സോണ്ടോയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിനെ മുന്നോട്ടു നയിച്ചെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ ആഞ്ഞടിക്കുകയായിരുന്നു. 22 റണ്‍സെടുത്ത ഹെന്റിച്ച് കൂടി പുറത്തായതോടെ ദക്ഷിണാഫ്രിക്ക അപകടം മണത്തു.
ഫര്‍ഹാന്‍ ബെഹ്‌റദീനും ക്രിസ് മോറിസും കാര്യമായ സംഭാവനകള്‍ നല്‍കാതെ പുറത്തായപ്പോള്‍ ദക്ഷിണാഫ്രിക്ക തകര്‍ച്ചയിലേക്ക് നീങ്ങി. ഇന്ത്യയ്ക്ക് വേണ്ടി ഷര്‍ദുല്‍ താക്കൂര്‍ മൂന്നും യുസ്‌വേന്ദ്ര ചാഹല്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.