SHARE

ലോകകപ്പ് പോരാട്ടത്തിൽ ശ്രീലങ്കയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 204 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ലങ്ക 203 റൺസിന് ഓൾഔട്ടായി. ഡുർഹാമിലെ ചെസ്റ്റർ ലെ സ്ട്രീറ്റിലാണ് മത്സരം അരങ്ങേറിയത്

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് തുടക്കം തന്നെ പണികിട്ടി. ഇന്നിം​ഗ്സിലെ ആദ്യ പന്തിൽ തന്നെ നായകൻ ദിമുത് കരുണരത്നയെ കാ​ഗിസോ റബാ​ദ പുറത്താക്കി. തുടർന്ന് രണ്ടാം വിക്കറ്റിൽ കുശാൽ പെരേരയും അവിഷ്ക ഫെർണാണ്ടോയും ചേർന്ന് 67 റൺസ് നേടിയതോടെ ലങ്ക പ്രതീക്ഷയിലായിരുന്നു. എന്നാൽ 30 റൺസ് വീതമെടുത്ത ഇരുവരേയും പുറത്താക്കി ഡ്വെയിൻ പ്രെടോറിയസ് ആ പ്രതീക്ഷ തല്ലിക്കെടുത്തു. തുടർന്ന് വന്നവർക്കാർക്കും മികച്ച കൂട്ടുകെട്ട് പടുത്തുയർത്താനായില്ല.

മുപ്പത് റൺസിന് മുകളിൽ ഒരു കൂട്ടുകെട്ടിനേയും നേടാൻ ദക്ഷിണാഫ്രിക്കൻ ബൗളർമാർ അനുവദിക്കാതിരുന്നതോടെ ലങ്കൻ സ്കോർ 203-ൽ ഒതുങ്ങി. പെരേരയും ഫെർണാണ്ടോയും തന്നെയാണ് ടീം ടോപ് സ്കോറർമാർ. കുശാൽ മെൻഡിസ് 23-ും ധനഞ്ജയ ഡി സിൽവ 24 റൺസും നേടി.

ദക്ഷിണാഫ്രിക്കയ്ക്കായി പ്രെടോറിയസും ക്രിസ് മോറിസും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. രബാദ രണ്ട് വിക്കറ്റെടുത്തു. ആൻഡിൽ ഫെലുക്വാവോയും ജീൻ പോൾ ഡുമിനിയും ഓരോ വിക്കറ്റും വീതം വീഴ്ത്തി.