SHARE

ഇന്ത്യക്കെതിരെ കേപ്ടൗണില്‍ നടന്ന് കൊണ്ടിരിക്കുന്ന ഒന്നാം ടെസ്റ്റില്‍ തുടക്കത്തിലേ തകര്‍ച്ചയ്ക്ക് ശേഷം ദക്ഷിണാഫ്രിക്ക തിരിച്ചുവരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍, ഡിവില്ലിയേഴ്‌സിന്റെ അര്‍ധസെഞ്ചുറിയുടെ ബലത്തില്‍ ദക്ഷിണാഫ്രിക്ക 98-3 എന്ന നിലയിലാണ്.

കളിയുടെ ആദ്യ ഓവറുകളില്‍ ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാര്‍ നടത്തിയ മിന്നല്‍ പ്രകടനം ദക്ഷിണാഫ്രിക്കയെ വന്‍ തകര്‍ച്ചയിലേക്ക് നയിച്ചിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആതിഥേയര്‍ക്ക് വേണ്ടി ഡീന്‍ എല്‍ഗറും, ഐഡന്‍ മാര്‍ക്രവും ചേര്‍ന്നാണ് ഇന്നിംഗ്‌സ് തുടങ്ങിയത്. മൂന്നാം പന്തില്‍ വിക്കറ്റ് കീപ്പര്‍ സാഹയ്ക്ക് ക്യാച്ച് നല്‍കി എല്‍ഗര്‍ മടങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ബോര്‍ഡില്‍ റണ്‍സൊന്നുമുണ്ടായിരുന്നില്ല.

തുടര്‍ന്ന് തന്റെ രണ്ടാം ഓവറിനെത്തിയ ഭുവനേശ്വര്‍ ഓവറിന്റെ അവസാന പന്തില്‍ 5 റണ്‍സെടുത്ത മാര്‍ക്രത്തിനെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. അവിടുന്ന് പതുക്കെ കരകയറാം എന്ന് വിചാരിച്ചിരിക്കുമ്പോളായിരുന്നു ഭുവി വീണ്ടും വില്ലനായത്. ഇത്തവണ ഇരയായത് 3 റണ്‍സെടുത്ത ഹഷീം അംലയും.

എന്നാല്‍ ഭുവനേശ്വര്‍ കുമാറിനെ ഒരോവറില്‍ നാലു ബൗണ്ടറികളടിച്ച് ഡിവില്ലിയേഴ്‌സ് തന്റെ നയം വ്യക്തമാക്കുകയായിരുന്നു. ഏകദിനശൈലിയില്‍ ബാറ്റിംഗ് തുടര്‍ന്ന ഡിവില്ലിയേഴ്‌സ് 55 പന്തില്‍ നിന്ന് അര്‍ധസെഞ്ചുറിയും തികച്ചു. 54 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സും 33 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസുമാണ് ക്രിസിലുള്ളത്.