SHARE

അയൽക്കാരാണ് പോർച്ചു​ഗലും സ്പെയിനും. എന്നാൽ ലോകകപ്പിന്റെ വേദിയിലെത്തുമ്പോൾ അയൽവാസിയോടുള്ള സ്നേഹമൊന്നും പരസ്പരം കാണിക്കാറില്ല. ഇക്കുറി ലോകപ്പിലെ ​ഗ്രൂപ്പ് ബിയിൽ സ്പെയിനും പോർച്ചു​ഗലും ഒന്നിച്ചാണ് കളിക്കുന്നത്. ​ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഇരുവരും ഏറ്റുമുട്ടുമ്പോൾ ​ഗ്രൂപ്പ് ഫലം തന്നെ വ്യക്തമാകുമെന്നാണ് ആരാധകർ കരുതുന്നത്.

ലോകകപ്പിലെ വിജയിയാകാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കുന്ന ടീമുകളിലൊന്നായാണ് സ്പെയിൻ റഷ്യയിലേക്കെത്തുന്നത്. എന്നാൽ ലോകകപ്പ് തുടങ്ങുന്നതിന് ഒരു ദിവസം മുമ്പ് മാത്രം, പരിശീലകൻ ജൂലൻ ലോപ്പാറ്റു​ഗിയെ പുറത്താക്കിയത്, ടീമിന് ആകെ ക്ഷീണമായി. ലൊപ്പാറ്റു​ഗിയെ പുറത്താക്കി മണിക്കൂറുകൾക്കകം, ഫെർണാണ്ടോ ഹെയ്റോയെ പരിശീലകനാക്കി പ്രതിസന്ധി സ്പെയിൻ മറികടന്നെങ്കിലും, അപ്രതീക്ഷിതമായുണ്ടായ മാറ്റം ടീമിന് ബാധിച്ചിട്ടുണ്ടോ എന്നറിയാൻ ഇന്നത്തെ മത്സരം കഴിയേണ്ടിവരും.

കടലാസിലും കളിക്കളത്തിലും സ്പെയിനാണ് ബഹുദൂരം മുന്നിൽ. ​ഗോൾവലയ്ക്ക് മുന്നിൽ ഡേവിഡ് ഡി ​ഗിയ മുതിൽ മുൻനിരയിൽ ഡീ​ഗോ കോസ്റ്റ വരെ സൂപ്പർ താരങ്ങളുടെ സം​ഗമവേദിയാണ് സ്പെയിൻ. പതിവിന് വിപരീതമായ റയൽ മഡ്രിഡ് താരങ്ങളാണ് ഇക്കുറി സ്പെയിനിൽ കൂടുതൽ. 2016-ൽ ലൊപ്പറ്റൂ​ഗി സ്ഥാനമേറ്റ ശേഷം നടന്ന, 20 മത്സരങ്ങളിൽ ഒന്നു പോലും സ്പെയിൻ തോറ്റിട്ടില്ല. സമീപകാലത്ത് അർജന്റീനയേയും ഇറ്റലിയേയും തകർത്തതിന്റേയും, ജർമനിയോട് സമനില വഴങ്ങിയതിന്റേയും കരുത്തുമായാണ് സ്പെയിന്റെ വരവ്.

ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഒറ്റ പേരിലാണ് പോർച്ചു​ഗൽ റഷ്യയിലേക്ക് വരുന്നത്. ഒപ്പം തന്നെ ഒരപിടി സൂപ്പർ താരങ്ങളും. ​ഗോളി റൂയി പാട്രീഷ്യ, പെപെ, ബ്രൂണോ ആൽവസ്, ജോവോ മോട്ടിന്യോ, റിക്കാർഡോ ഖ്വരേസ്മ തുടങ്ങിയവരാണ് റൊണാൾഡോയ്ക്കൊപ്പം സീനിയർ താരങ്ങൾ. പ്രധാന ടൂർണമെന്റുകളിലെല്ലാം മരണ​ഗ്രൂപ്പിൽ ഇടം പിടിക്കുന്ന ദുരവസ്ഥ ഇക്കുറിയും പോർച്ചു​ഗലിനെ തേടിയെത്തി. മുൻവർഷങ്ങിളിലേതുപോലെതന്നെ, ഇക്കുറിയും പ്രതീക്ഷകളുടെ അമിതഭാരം പറങ്കിപ്പടയ്ക്ക് മേൽ ഇല്ല. എങ്കിൽ കൂടിയും സെമി പ്രവേശനം ആരാധകർ ആ​ഗ്രഹിക്കുന്നു. 2016-ലെ യൂറോ കിരീടധാരണം ആണിതിന് കാരണം.

റയൽ മഡ്രിഡിലെസഹതാരങ്ങളും സുഹൃത്തുക്കളുമായ റൊണാൾഡോയും സെർജിയോ റാമോസും നേർക്കുനേർ വരുന്നു എന്ന പ്രത്യേകതയും മത്സരത്തിനുണ്ട്. ഇരു താരങ്ങൾ തന്നെയാണ് ഇരുവശത്തും നായകസ്ഥാനത്ത് നിലയുറപ്പിക്കുന്നത്. മികച്ച ക്യാപ്റ്റൻ എന്ന് വിശേഷണം ലഭിച്ചിട്ടുള്ള ഇരുവർക്കും, തമ്മിലാരാണ് മികച്ചതെന്ന‍ളക്കാനുള്ള അവസരം കൂടിയാണിത്. യൂറോക്കപ്പിലെ ചരിത്രം നേട്ടം, ലോകകപ്പിലും ആവർത്തിക്കാമെന്ന പ്രതീക്ഷയിൽ പോർച്ചു​ഗലും, ഒരിക്കൽ കൂടി ലോകകിരീടം ലക്ഷ്യമിടുന്ന സ്പെയിനും ഏറ്റുമുട്ടുമ്പോൾ മത്സരം അയൽപ്പോര് തീപാറും.