SHARE

ക്രൊയേഷ്യക്കെതിരായ യുവേഫ നേഷൻസ് ലീ​ഗ് മത്സരത്തിനും ബോസ്നിയക്കെതിരായ സൗഹൃദ മത്സരത്തിനുമുള്ള സ്പാനിഷ് ടീമിനെ പ്രഖ്യാപിച്ചു. പരിശീലകൻ ലൂയിസ് എന്റിക്വെ പ്രഖ്യാപിച്ച ടീമിൽ, ബാഴ്സലോണ താരം ജോർഡി ആൽബ തിരച്ചെത്തി. എന്നാൽ ബൊറൂസിയ ഡോർട്ട്മുണ്ടിനായി മിന്നുന്ന പ്രകടനം നടത്തിയ പാകോ അൽക്കാസറിനെ ഒഴിവാക്കുകയും ചെയ്തു.

ലോകകപ്പിലെ സ്പെയിന്റെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് പിന്നാലെയാണ് എന്റിക്വെ സ്പെയിൻ പരിശീലകനായത്. തുടർന്ന് നടന്ന അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള ടീമിൽ നിന്ന് പഴയ ശിഷ്യനായ ജോർഡി ആൽബയെ എന്റിക്വെ ഒഴിവാക്കിയിരുന്നു. മികച്ച ഫോമിലുണ്ടായിട്ടും ആൽബയെ ഒഴിവാക്കിയത് സീനയർ താരങ്ങളുടെയടക്കം വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതോടെയാണ് ഇക്കുറി ലെഫ്റ്റ് ബാക്കിന് ടീമിലിടം ലഭിച്ചത്. ആൽബ ടീമിലെത്തിയതോടെ ചെൽസി താരം മാർക്കസ് അലോൺസോ പുറത്തായി. ഡീ​ഗോ കോസ്റ്റയേയും ഒഴിവാക്കിയിട്ടുണ്ട്.

സെർജിയോ റാമോസ് നയിക്കുന്ന ടീമിൽ, സെർജിയോ ബുസ്ക്വെറ്റ്സ്, സെർജി റോബെർട്ടോ, ഇസ്കോ, മാർക്കസ് അസെൻസിയോ, അൽവാരോ മൊറാത്ത, ഡാനി കെബെല്ലസ്, ഇയാ​ഗോ ആസ്പാസ്, സാവുൾ, സെസാർ അസ്പ്ലിക്യൂട്ട, ഡേവിഡ് ഡി​ഗെ, കേപ്പാ തുടങ്ങിയ സൂപ്പർ താരങ്ങളുണ്ട്. ഈ മാസം 15-നാണ് ക്രൊയേഷ്യക്കെതിരായ മത്സരം. മൂന്ന് ദിവസങ്ങൾക്ക് ശേഷം ബോസ്നിയയെ നേരിടും