ലോകകപ്പിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേ, പരിശീലകന് ജുലന് ലൊപെറ്റെഗുയിയെ പുറത്താക്കി സ്പെയിന്. ലോകകപ്പിന് ശേഷം ലൊപെറ്റെഗുയി റയല്‍ മഡ്രിഡിന്റെ പരിശീലകനാവുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപനം വന്നത്.
എന്നാല്‍ അടുത്തിടെ സ്പെയിന് ദേശീയ ടീമുമായി രണ്ടു വര്‍ഷത്തെ കരാറിലെത്തിയിരുന്നു ലൊപെറ്റെഗുയി. എന്നിട്ടും റയലിലേക്ക് ചുവടുമാറിയതാണ് സ്പെയിന് ഫുട്ബോള്‍ ഫെഡറേഷനെ ചൊടിപ്പിച്ചതെന്ന് സൂചനയുണ്ട്. നാളെ ലോകകപ്പ് തുടങ്ങാനിരിക്കേ, പരിശീലകനെ പുറത്താക്കിയ നടപടി ഫുട്ബോൾ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.
51കാരനായ ലൊപെറ്റെഗുയി റയോ വയ്യെകാനോയ്ക്ക് വേണ്ടി നൂറിലധികം മത്സരങ്ങള്‍ ഗോള്‍വല കാത്ത താരമാണ്. ബാഴ്സലോണ, റയല്‍ മഡ്രിഡ് തുടങ്ങിയ ടീമുകള്‍ക്ക് വേണ്ടിയും ചില മത്സരങ്ങള്‍ ലൊപെറ്റെഗുയി കളത്തിലിറങ്ങിയിട്ടുണ്ട്. നേരത്തെ 2008-09 സീസണില്‍ റയലിന്റെ ബി ടീമിനെ ലൊപെറ്റെഗുയി കളി പഠിപ്പിച്ചിരുന്നു. സ്പെയിന്റെ വിവിധ ഏജ് ഗ്രൂപ്പ് ടീമുകളെയും അദ്ദേഹം പരീശിലിപ്പിച്ചിട്ടുണ്ട്. 2016 മുതല്‍ സ്പെയിന് ദേശീയ ടീമിന്റെ പരിശീലകനായിരുന്നു ലൊപെറ്റെഗുയി.