SHARE

യൂറോ യോ​ഗ്യതാ മത്സരങ്ങൾക്കുള്ള സ്പാനിഷ് ടീമിനെ പ്രഖ്യാപിച്ചു. അടുത്തയാഴ്ച നടക്കുന്ന യൂറോ യോ​ഗ്യതാ മത്സരങ്ങൾക്കുള്ള 23 അം​ഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഒരു പുതുമുഖം താരം ടീമിൽ ഉൾപ്പെട്ടപ്പോൾ സൂപ്പർ ക്ലബ് ബാഴ്സ പ്രതിനിധിയായും ഒരാൾ മാത്രമെ ടീമിലുള്ളു.

ക്രൊയേഷ്യൻ ക്ലബ് ഡൈനാമോ സാ​ഗ്രെബിന്റെ താരമായ ഡാനി ഓൽമോയാണ് ടീമിലുൾപ്പെട്ട പുതുമുഖം. ക്ലബിനായി ചാമ്പ്യൻസ് ലീ​ഗിലടക്കം നടത്തിയ മിന്നുന്ന പ്രകടനവും സ്പാനിഷ് യൂത്ത് ടീമുകളിലെ ശ്രദ്ധേയ ഇടപെടലുകളുമായി ഓൾമോയെ ടീമിലുൾപ്പെടുത്താൻ കാരണം. വിങ്ങറായും അറ്റാക്കിങ് മിഡ്ഫീൽഡറായും കളിക്കുന്ന താരമാണ് ഓൾമോ.

കുറച്ചുനാളുകൾക്ക് ശേഷം അൽവാരോ മോറാത്ത ​ദേശീയ ടീമിലേക്ക് മടങ്ങിയെത്തി. ജീസസ് നവാസ്, സാന്റി കസോർള എന്നീ സീനിയർ താരങ്ങൾ ടീമിൽ ഇടം നിലനിർത്തി. റയൽ മഡ്രിഡിൽ നിന്ന് സെർജിയോ റാമോസും, ഡാനി കാർവഹാളും ടീമിൽ ഇടം നേടി.

അതേസമയം ഇക്കുറിയും ബാഴ്സയിൽ നിന്ന് സെർജി ബുസ്ക്വറ്റ്സ് മാത്രമാണ് സ്പാനിഷ് ടീമിലുള്ളത്. ജോർഡി ആൽബയും സെർജിയോ റോബർട്ടോയും ഇക്കുറിയും പുറത്താണ്.