ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരത്തിൽ സ്പെയിന് ജയം. അതേസമയം തന്നെ ലോകകപ്പിൽ കിരീടപ്രതീക്ഷയുമായെത്തുന്ന ഫ്രാൻസ് അമേരിക്കയോട് സമനില വഴങ്ങി.
റഷ്യയിൽ നടന്ന മത്സരത്തിൽ ടൂണിഷ്യക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സ്പാനിഷ് പടയുടെ ജയം. 84-ാം മിനിറ്റിൽ ഇയാഗോ ആസ്പാസായിരുന്നു സ്പെയിനിനായി വിജയഗോൾ നേടിയത്. മത്സരത്തിൽ തോറ്റെങ്കിലും മികച്ച പ്രകടനമാണ് ടുണീഷ്യ നടത്തിയത്. ഇത് ലോകകപ്പിന് ഒരുങ്ങുന്ന മറ്റ് രാജ്യങ്ങൾക്ക് ഭീഷണിയായണ്.
സ്വന്തം നാട്ടിൽ നടന്ന മത്സരത്തിലായിരുന്നു ഫ്രാൻസ് അമേരിക്കയോട് സമനില വഴങ്ങിയത്. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. മത്സരത്തിന്റെ 44-ാം മിനിറ്റിൽ ജൂലിയൻ ഗ്രീനിലൂടെ അമേരിക്കയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 78-ാം മിനിറ്റിൽ പി.എസ്.ജിയുടെ കൗമാരതാരം കെയ്ലിന് എംബാപെ ഫ്രാൻസിനായി സമനില ഗോൾ നേടി.
ഇന്ന് നടക്കുന്ന സന്നാഹമത്സരത്തിൽ ബ്രസീൽ ഓസ്ട്രിയയെ നേരിടും. ഓസ്ട്രിയയിലെ വിയന്നയിലാണ് മത്സരം നടക്കുന്നത്. ഇന്ത്യൻ സമയം രാത്രി 7.30-നാണ് മത്സരം. അവസാനം നടന്ന മത്സരത്തിൽ ക്രൊയേഷ്യയെ തകർത്തതിന്റെ ആവേശത്തിലാണ് ബ്രസീൽ. ഓസ്ട്രിയയാകട്ടെ ജർമനിയെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസത്തിലും.