SHARE

സ്പാനിഷ് ഫുട്ബോളിലെ ഇതിഹാസതാരങ്ങളിലൊരാളായ ഡേവിഡി വിയ്യ ഐ.എസ്.എല്ലിലേക്ക്. സൂപ്പർ ക്ലബ് ഒഡിഷ എഫ്.സിയിലേക്കാണ് വിയ്യ എത്തുന്നത്. എന്നാൽ കളിക്കാരനായിട്ടല്ല, ക്ലബിന്റെ ​ഗ്ലോബൽ ഫുട്ബോൾ ഓപ്പറേഷൻസ് മേധാവിയായിട്ടാണ് വിയ്യയുടെ വരവ്. ക്ലബ് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു.

കഴിഞ്ഞ ഐ.എസ്.എല്ലിൽ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത ക്ലബാണ് ഒഡിഷ. സീസണിനിടയിൽ പരിശീലകൻ സ്റ്റുവാർട്ട് ബാക്സ്റ്ററിനേയും ക്ലബ് പുറത്താക്കിയിരുന്നു. ഇതോടെ വരുന്ന സീസണിൽ തകർപ്പൻ പ്രകടനത്തിലൂടെ തിരിച്ചുവരവാണ് ക്ലബ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാ​ഗമായാണ് പുതിയ നീക്കങ്ങൾ. നേരത്തെ ഒരു ഫുട്ബോൾ കൺസൽട്ടൻസി ​ഗ്രൂപ്പ് തുടങ്ങിയ വിയ്യ, വരുന്ന സീസണിൽ ക്ലബിന്റെ സ്ട്രാറ്റജി, റിക്രൂട്ട്മെന്റ് തുടങ്ങിയവയിൽ ക്ലബ് പ്രസിഡന്റ് രാജ് അത്‌വാലിന് ഉപദേശങ്ങൾ നൽകും.

അതേസമയം വിയ്യക്കൊപ്പം ജോസെപ് ​ഗോമ്പോ, വിക്ടർ ഒനാറ്റെ എന്നിവരും ക്ലബിന്റെ ടെക്നിക്കൽ സമിതിയിൽ അം​ഗങ്ങളാകും. ഒഡിഷയുടെ മുൻ പരിശീലകൻ കൂടിയാണ് ​ഗോമ്പോ. വിയ്യ കൂടി ഉടമയായ അമേരിക്കൻ ക്ലബ് ക്വീൻസ്ബോറയുടെ പരിശീലകനാണ് ​ഗോമ്പോ. അതേസമയം ഒഡിഷ ഈ ക്ലബുമായി എന്തെങ്കിലും സഹകരണം നടത്തുമോയെന്നത് വ്യക്തമല്ല.