സ്പാനിഷ് സൂപ്പർതാരം ഹെർനൻ സന്റാന ഇന്ത്യൻ സൂപ്പർ ലീഗിൽ തിരിച്ചെത്തുന്നു. എഫ്സി ഗോവയിലേക്കാണ് ഈ സ്പാനിഷ് മിഡ്ഫീൽഡറുടെ വരവ്. ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോ ഇക്കാര്യം ട്വീറ്റ് ചെയ്തു.
ഗോവയുടെ സ്പാനിഷ് സെന്റർ ബാക്കും ക്യാപ്റ്റന്മാരിലൊരാളുമായ മാർക്ക് വാലിയെന്റെ പരുക്കേറ്റ് പുറത്താണിപ്പോൾ. ഈ സാഹചര്യത്തിൽ വാലിയെന്റെയുടെ പകരക്കാരനായാണ് സന്റാനയുടെ വരവ്. സെന്റർ ബാക്ക് ആയി കൂടി കളിക്കാൻ കഴിയുന്ന താരമാണ് 32-കാരനായ സന്റാന.
2020-21 സീസണിൽ മുംബൈ സിറ്റിയിലൂടെയാണ് സന്റാന ഐഎസ്എല്ലിലെത്തുന്നത്. ആ സീസണിൽ മുംബൈയെ ഐഎസ്എൽ ജേതാക്കളാക്കുന്നതിൽ നിർണായക പങ്ക് സന്റാന വഹിച്ചു. പിന്നീട് കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടിയാണ് സന്റാന കളിച്ചത്. 17 മത്സരങ്ങളിൽ നോർത്ത് ഈസ്റ്റിന്റെ ജേഴ്സിയണിഞ്ഞ താരം ഒരു ഗോളും നേടി.
സീസൺ അവസാനിച്ചശേഷം ചൈനീസ് ക്ലബ് സിഷുവാൻ ജിയനിയുവുമായി സന്റാന കരാറിലെത്തി. മുൻ മുംബൈ പരിശീലകൻ സെർജിയോ ലൊബേറയ്ക്കൊപ്പം ഇതോടെ സന്റാന വീണ്ടുമൊന്നിച്ചു. എന്നാലിപ്പോൾ ഒരിക്കൽ കൂടി ഐഎസ്എല്ലിലേക്ക് ചുവടുമാറുകയാണ് സന്റാന.