2017-18 സീസണ് അവസാനിച്ചതോടെ ബെംഗളുരു എഫ് സിയിലെ മൂന്നു സ്പാനിഷ് താരങ്ങള്‍ ടീം വിട്ടു. ക്ലബുമായി കരാര്‍ അവസാനിച്ചതോടെ ഡാനിയേല്‍ സെഗോവിയ, വിക്ടര്‍ പെരസ് അലോണ്‍സോ, ടോണി ഡോവലെ തുടങ്ങിയവരാണ് ടീം വിട്ടത്. ബെംഗളുരു തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഇക്കാര്യം പുറത്തുവിട്ടിട്ടുണ്ട്.
2017ല്‍ ടീമിനൊപ്പമെത്തിയ താരമാണ് ടോണി ഡോവലെ. അതേസമയം, ഫെബ്രുവരിയില്‍ ബ്രാവുലിയ നൊബ്രേഗ പരുക്കേറ്റ് മടങ്ങിയപ്പോഴാണ് സെഗോവിയയെ ബെംഗളുരു ടീമിലെത്തിച്ചത്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ വിക്ടര്‍ പെരസ് ഐ എസ് എല്ലിലും സൂപ്പർ കപ്പിലുമായി 11 മത്സരങ്ങളാണ് ബെംഗളുരുവിന് വേണ്ടി കളിച്ചത്. സ്പാനിഷ് വമ്പന്മാരായ എഫ് സി ബാഴ്സലോണയില്‍ യൂത്ത് കരിയര്‍ ചെലവഴിച്ച ടോണി ഡോവലെയും ബെംഗളുരു നിരയില്‍ നിര്‍ണ്ണായക സാന്നിധ്യമായിരുന്നു.
നേരത്തെ കരാര്‍ കാലാവധി അവസാനിച്ചതോടെ പരിശീലകന് ആല്‍ബര്‍ട്ട് റോക്കയും ബെംഗളുരുവിന്റെ പടിയിറങ്ങിയിരുന്നു. പ്രതിരോധത്തിലെ ശക്തിയായിരുന്ന ജോണ്‍ ജോണ്സണ് എ ടി കെയുമായും ലെനി റൊഡ്രിഗ്വസ് എഫ് സി ഗോവയുമായും കരാറിലെത്തി. അടുത്ത സീസണിലേക്ക് പുതിയ താരങ്ങളെ ടീമിലെത്തിക്കാനുള്ള നീക്കങ്ങളും ക്ലബ് നടത്തുന്നുണ്ട്. അരങ്ങേറ്റ ഐ എസ് എല്ലില്‍ ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും സൂപ്പര്‍ കപ്പില്‍ മുത്തമിട്ട് സീസണില്‍ ബെംഗളുരു കടംവീട്ടിയിരുന്നു.