SHARE

കളിക്കിടെ കാണികൾ അതിക്രമിച്ച് ഗ്രൗണ്ടിലിറങ്ങുന്നതും തുടർന്ന് സുരക്ഷാ ജീവനക്കാർ അവരെ കീഴ്പ്പെടുത്തിക്കൊണ്ട് പോകുന്നതുമെല്ലാം ഇന്ത്യയിൽ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളിൽ നാം നിരവധി തവണ കണ്ടിട്ടുണ്ട്. കളിക്കിടെ ഗ്രൗണ്ടിൽ ഇറങ്ങിയാൽ വലിയ ശിക്ഷകളാണ് ഇവിടെ ആരാധകരെ കാത്തിരിക്കുന്നതും. ടിക്കറ്റെടുത്ത് കളി‌കാണാൻ എത്തുന്നവർ കളി തുടങ്ങുന്നത് മുതൽ അവസാനിക്കുന്നത് വരെ ഗ്യാലറിയിൽ ഇരിക്കുകയും തുടർന്ന് മത്സരശേഷം പുറത്തേക്ക് പോകുന്നതുമാണ് ഇവിടുത്തെ രീതി.

എന്നാൽ ഇതിൽനിന്നൊക്കെ വ്യത്യസ്തമായ കാര്യങ്ങളാണ് ഇംഗ്ലീഷ് കൗണ്ടിയിൽ ഇടയ്ക്ക് നടക്കാറുള്ളത്. മത്സരങ്ങളുടെ ഇടവേളകൾക്കിടയിൽ കാണികൾക്ക് ഗ്രൗണ്ടിൽ ഇറങ്ങാൻ ഇടയ്ക്കൊക്കെ ഇംഗ്ലണ്ട് ക്ലബ്ബുകൾ അനുവാദം‌ കൊടുക്കാറുണ്ട്. ഇന്നലെയും ഇത്തരത്തിൽ ഒരു‌ സംഭവമുണ്ടായി. സറേയും, നോട്ടിംഗ് ഹാംഷെയറും തമ്മിൽ ട്രെന്റ് ബ്രിഡ്ജിൽ നടന്ന കൗണ്ടി മത്സരത്തിന്റെ ഇടവേളയിൽ പിച്ച് കാണാൻ കാണികൾക്ക് അധികൃതർ അവസരം നൽകുകയായിരുന്നു. സുവർണാവസരം ലഭിച്ച കാണികളാവട്ടെ ഗ്യാലറിയിൽ നിന്ന് പിച്ചിനരികിലേക്കെത്തുകയും, അല്പനേരം പിച്ചിനരികെ നിന്നതിന് ശേഷം പ്രശ്നങ്ങളും ബഹളങ്ങളും ഉണ്ടാക്കാതെ തിരിച്ച് ഗ്യാലറിയിലെ തങ്ങളുടെ ഇരിപ്പിടങ്ങളിലേക്ക് മടങ്ങുകയും ചെയ്തു.