SHARE

ക്രിക്കറ്റ് എന്തുകൊണ്ട് മാന്യന്മാരുടെ കളിയായി. ഉത്തരം ലളിതമാണ്. എതിരാളികള്‍ ആണെങ്കിലും താരങ്ങള്‍ കളിക്കളത്തില്‍ പരസ്പരം ബഹുമാനിക്കുന്നു. ഇത്തരത്തില്‍ കളിയുടെ മാന്യത ആകാശം മുട്ടെ ഉയര്‍ത്തിയ ഒരു സംഭവമാണ് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ട്വന്റി-20യിലും നടന്നത്. ഔട്ടായ താരത്തെ നിര്‍ബന്ധിച്ച് തിരിച്ചുവിളിച്ച് കൈയടി നേടിയത് എതിര്‍ടീം ക്യാപ്റ്റനായ തമീം ഇക്ബാലും.

ചിറ്റഗോംഗില്‍ കോമില വിക്ടോറിയന്‍സും ധാക്ക ഡൈനാമിറ്റ്‌സും തമ്മില്‍ വാശിയേറിയ മത്സരം നടക്കുന്നു. 168 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ധാക്കയുടെ ഇന്നിംഗ്‌സിലെ പതിനെട്ടാം ഓവറിലെ രണ്ടാംപന്ത്. ധാക്കയ്ക്ക് ജയിക്കാന്‍ 18 പന്തില്‍ വേണ്ടത് 44 റണ്‍സ്. ക്രീസില്‍ കെവന്‍ കൂപ്പറും ജഹറുള്‍ ഇസ്ലാമും. ഡ്വെയ്ന്‍ ബ്രാവോ പന്തെറിയുന്നു. രണ്ടാം പന്തില്‍ സിംഗിളിനായി കൂപ്പര്‍ ഓടിയെങ്കിലും ബ്രാവോയുമായി കൂട്ടിയിടിക്കുന്നു. ഇരുവരും നിലത്തുവീഴുന്നു. ഇതിനിടെ നോണ്‍സ്‌ട്രൈക്കര്‍ റണ്ണിനായി ഓടിയെങ്കിലും വേദനായാല്‍ പുളഞ്ഞ കൂപ്പര്‍ റണ്ണിനായി ശ്രമിക്കാതെ നിന്നു. ഫീല്‍ഡര്‍മാര്‍ കൂപ്പറിനെ റണ്ണൗട്ടാക്കി.

കൂപ്പര്‍ പവലിയനിലേക്ക് മടങ്ങാന്‍ തുടങ്ങവേ കോമില ക്യാപ്റ്റന്‍ തമീം ഇക്ബാല്‍ വിക്കറ്റ് വേണ്ടെന്നും ബാറ്റിംഗ് തുടരണമെന്നും ആവശ്യപ്പെട്ടു. അംപയര്‍മാരും ഇത് അംഗീകരിച്ചെങ്കിലും കൂപ്പര്‍ പവലിയനിലേക്ക തന്നെ മടങ്ങി. എന്നാല്‍ ബൗണ്ടറി ലൈനിലെത്തിയ ശേഷം എതിര്‍ടീമിന്റെ നിര്‍ബന്ധത്താല്‍ താരം തിരികെ വീണ്ടും ബാറ്റിംഗിനായി ക്രീസിലെത്തി. കളിയുടെ നിര്‍ണായക ഘട്ടത്തിലും മാന്യത കൈവിടാതിരുന്ന തമീമിന് ഇപ്പോള്‍ വലിയ പ്രശംസയാണ് എങ്ങും ലഭിക്കുന്നത്. ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണെന്ന് ഒരിക്കല്‍ തെളിഞ്ഞെന്നാണ് ആരാധകരും മുന്‍കാല താരങ്ങളും പറയുന്നത്.

വീഡിയോ കടപ്പാട്: ട്രോള്‍ ക്രിക്കറ്റ് ബംഗ്ലാദേശ്‌