SHARE

ഈ വർഷം ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ 10 ടീമുകളാണ് കിരീടത്തിനായി പോരാടുക‌. മെയ് 30 നാണ് ലോകകപ്പിനായുള്ള പോരാട്ടം ആരംഭിക്കുന്നത്. ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകൾക്ക് അവരുടെ പതിനഞ്ചംഗ ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി ഏപ്രിൽ 23 ആണ്. ന്യൂസിലൻഡ് മാത്രമാണ് ഇതിനോടകം ലോകകപ്പിനുള്ള പതിനഞ്ചംഗ ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞത്. ബാക്കി ടീമുകൾ തങ്ങളുടെ ലോകകപ്പ് സംഘത്തെ പ്രഖ്യാപിക്കുന്നത് എന്നൊക്കെയാണെന്ന തീയതികൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.

വരുന്ന തിങ്കളാഴ്ച, അതായത് ഏപ്രിൽ 15-ം തീയതിയാകും ഇന്ത്യ ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുക. ഇന്ത്യൻ ടീം ചീഫ് സെലക്ടറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 1992 ലെ ലോക ചാമ്പ്യന്മാരായ പാകിസ്ഥാൻ ഏപ്രിൽ 18 ന് തങ്ങളുടെ ലോകകപ്പ് സംഘത്തെ പ്രഖ്യാപിക്കും. നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന 23 അംഗ സാധ്യതാ ടീമിൽ നിന്ന് 8 പേരെ ഒഴിവാക്കിയാവും പാകിസ്ഥാന്റെ പ്രഖ്യാപനം.

ലോകകപ്പിലെ ആതിഥേയരായ ഇംഗ്ലണ്ട് ഏപ്രിൽ 17 നും, ദക്ഷിണാഫ്രിക്ക ഏപ്രിൽ 18 നും ടീമിനെ പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. ബംഗ്ലാദേശാകട്ടെ ഏപ്രിൽ 15 നും 20 നും ഇടയ്ക്കുള്ള‌ ദിവസങ്ങളിൽ ഏതിലെങ്കിലുമാകും ടീമിനെ പ്രഖ്യാപിക്കുക.

ഓസ്ട്രേലിയ, വെസ്റ്റിൻഡീസ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ ‌ടീമുകൾ എന്ന് തങ്ങളുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുമെന്ന കാര്യത്തിൽ ഇതേ വരെ വ്യക്തത ലഭിച്ചിട്ടില്ല. ശ്രീലങ്ക തങ്ങളുടെ അഭ്യന്തര ഏകദിന ടൂർണമെന്റായ സൂപ്പർ പ്രൊവിൻഷ്യൽ ഏകദിന‌ടൂർണമെന്റിന് ശേഷം ടീമിനെ പ്രഖ്യാപിക്കാൻ കാത്തിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.