SHARE

രാജ്യാന്തര ജംപിങ് ചാംപ്യൻഷിപ്പിൽ മലയാളി താരം എം.ശ്രീശങ്കറിന് സ്വർണം. ലോങ്ജംപിൽ 8.31 മീറ്റർ പിന്നിട്ട ശ്രീശങ്കർ ഒന്നാമതെത്തിയപ്പോൾ സ്വീഡന്റെ തോബിയാസ് മോൺടലറാണ് രണ്ടാമത് (8.27 മീറ്റർ). ലോങ്ജംപിൽ ദേശീയ റെക്കോർഡ് ജേതാവായ ശ്രീയുടെ കരിയറിലെ മികച്ച രണ്ടാമത്തെ പ്രകടനമാണിത്. കഴിഞ്ഞമാസം തേഞ്ഞിപ്പലത്ത് നടന്ന ഫെഡറേഷൻ കപ്പ് സീനിയർ അത്ലറ്റിക്സിൽ 8.36 മീറ്റർ ചാടി ശ്രീശങ്കർ ദേശീയ റെക്കോർഡ് തിരുത്തിയിരുന്നു.

ഇന്ത്യയ്ക്ക് പുറത്തു നടക്കുന്ന മത്സരങ്ങളിൽ ശ്രീശങ്കർ 8 മീറ്റർ പിന്നിടുന്നത് ഇതാദ്യമാണ്. കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ് മത്സരങ്ങൾക്ക് മുന്നോടിയായി ശ്രീശങ്കർ അടക്കമുള്ള ഇന്ത്യൻ ജംപിങ് ടീമംഗങ്ങൾ ഗ്രീസിൽ പരിശീലനം നടത്തിവരികയാണ്. ഇതിനിടയിലാണ് രാജ്യാന്തര ഇൻവിറ്റേഷൻ മത്സരത്തിൽ പങ്കെടുത്തത്.