SHARE

7 വർഷത്തെ വിലക്ക് മാറി ഈ വർഷം സെപ്റ്റംബറിൽ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്ന ശ്രീശാന്ത് അടുത്ത സീസണിലെ രഞ്ജി ട്രോഫിയിൽ കളിച്ച് ക്രിക്കറ്റ് മൈതാനത്തേക്ക് മടങ്ങി വരവ് നടത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോളിതാ രഞ്ജി ‌ട്രോഫിക്കും മുൻപേ ശ്രീ, മത്സര ക്രിക്കറ്റിൽ പങ്കെടുക്കുമെന്ന് സൂചനകൾ ലഭിച്ചിരിക്കുന്നു. താരത്തിന്റെ ആരാധകർക്ക് വലിയ ആവേശം സമ്മാനിക്കുന്ന വാർത്തയാണിത്.

തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്റെ സീനിയർ ഡിവിഷൻ ലീഗിൽ പങ്കെടുത്ത് ശ്രീ മത്സര ക്രിക്കറ്റിലേക്കുള്ള തന്റെ മടങ്ങിവരവ് നടത്തുമെന്നാണ് ഇപ്പോൾ വാർത്തകൾ വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കവെ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ ലീഗിൽ പങ്കെടുക്കാൻ താൻ ഇഷ്ടപ്പെടുന്നതായി ശ്രീശാന്ത് പറഞ്ഞു‌. വിലക്കിന് മുൻപ്, ക്രിക്കറ്റിൽ സജീവമായിരുന്ന സമയത്ത് മുൻപ് തമിഴ്നാട് ലീഗിൽ കളിച്ചിട്ടുള്ള താരമാണ് ശ്രീശാന്ത്. ഗ്ലോബ് ട്രോട്ടേഴ്സായിരുന്നു അന്ന് ലീഗിൽ താരത്തിന്റെ ടീം.