SHARE

ബിസിസിഐയുടെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി പിന്‍വലിച്ചതോടെ ഇന്ത്യന്‍ പേസര്‍ എസ്. ശ്രീശാന്ത് കളത്തിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകള്‍ വര്‍ധിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ലീഗുകളിലോ ആഭ്യന്തര ക്രിക്കറ്റിലോ ശ്രീക്ക് ഇനിയും കളിക്കാമെന്ന് തോന്നുന്നില്ല. കാരണം ബിസിസിഐയിലെ ഒരുവിഭാഗം ഇപ്പോഴും താരത്തിനെതിരാണ്. അതുകൊണ്ട് തന്നെ വിദേശലീഗുകള്‍ തന്നെയാകും ശ്രീയുടെ തിരിച്ചുവരവിന്റെ വേദി. മിക്കവാറും യൂറോ ക്രിക്കറ്റ് ലീഗിലൂടെയാകും മലയാളി താരം പ്രെഫഷണല്‍ ക്രിക്കറ്റിലേക്ക് വീണ്ടും മടങ്ങിയെത്തുക.

ഈ വര്‍ഷം ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലാകും ലീഗ് നടക്കുക. അയര്‍ലന്‍ഡ്, സ്‌കോട്ലന്‍ഡ്, നെതര്‍ലന്‍ഡ്സ് ക്രിക്കറ്റ് ബോര്‍ഡുകളുടെ സംയുക്ത സംരംഭമാണ് പുതിയ ലീഗ്. യൂറോപ്യന്‍ ലീഗിന്റെ പേരും ടീമുകളും അടുത്തമാസം പ്രഖ്യാപിക്കും. ലീഗില്‍ മൊത്തം 33 മത്സരങ്ങളാണുള്ളത്. ടീമുകളുടെ എണ്ണം ആറാണ്. ഓരോ രാജ്യത്തുനിന്നും രണ്ടുവീതം ടീമുകള്‍. ഹോംആന്‍ഡ് എവേ രീതിയില്‍ പ്രാഥമികഘട്ടവും പിന്നീട് സെമിയും ഫൈനലും.

കഴിഞ്ഞവര്‍ഷം സ്‌കോട്ടിഷ് ലീഗില്‍ കളിക്കാന്‍ ശ്രീക്ക് അവസരം ലഭിച്ചിരുന്നു. എന്നാല്‍ എന്‍ഒസി നല്കാന്‍ ബോര്‍ഡ് തയാറായില്ല. ഇത്തവണ സ്‌കോട്ടിഷ് ലീഗില്‍ കളിക്കുമെന്ന് താരം ഇപ്പോള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതിനുശേഷം നടക്കുന്ന യൂറോ ലീഗിലും ശ്രീയെ പ്രതീക്ഷിക്കാം. നിരവധി മലയാളികള്‍ താമസിക്കുന്ന അയര്‍ലന്‍ഡില്‍ ശ്രീ കളിക്കാനെത്തിയാല്‍ ആ ലീഗിനും അതു ഗുണംചെയ്യും.

യൂറോ ലീഗില്‍ ഓരോ ടീമിലും കുറഞ്ഞത് ഒന്‍പത് പ്രാദേശിക താരങ്ങള്‍ നിര്‍ബന്ധം. ഏഴു വിദേശതാരങ്ങളെ വരെ ടീമിലെടുക്കാം. ഇതില്‍ അഞ്ചുപേര്‍ക്ക് ആദ്യ ഇലവനില്‍ ഒരേസമയം കളിക്കാം. ഇന്ത്യന്‍ കമ്പനിയായ മെര്‍ക്കുറിയാണ് ഇത്തരമൊരു നീക്കത്തിന് പിന്നില്‍. ഹോം ആന്‍ഡ് എവേ രീതിയില്‍ വിദേശ താരങ്ങളെ ഉള്‍പ്പെടുത്തിയാകും ലീഗ് നടത്തുക. ക്രിക്കറ്റ് വളരുന്ന മൂന്നു രാജ്യങ്ങളില്‍ കളിക്ക് കൂടുതല്‍ പ്രചാരം ലഭിക്കാനും താരങ്ങള്‍ക്ക് കൂടുതല്‍ അവസരം കിട്ടാനും പുതിയ ലീഗ് ഇടയാക്കുമെന്ന പ്രതീക്ഷയാണ് ബോര്‍ഡുകള്‍ക്ക് ഉള്ളത്. മത്സരങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. ഐപിഎല്‍ മാതൃകയിലാണ് ലീഗ്.