SHARE

കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രസിഡന്റ്സ് ടി20 കപ്പിൽ കളിച്ച് സ്റ്റാർ പേസർ എസ് ശ്രീശാന്ത് ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോർട്ട്. നേരത്തെ ബിസിസിഐയുടെ ഏഴ് വർഷ വിലക്ക് ഈ വർഷം സെപ്റ്റംബറിൽ അവസാനിച്ചെങ്കിലും കോവിഡ് 19 നെത്തുടർന്ന് ശ്രീശാന്തിന് ഇതു വരെ കളിക്കളത്തിലിറങ്ങാൻ കഴിഞ്ഞിട്ടില്ല. അതിനിടെയാണ് ഇപ്പോൾ കെ സി എ, പ്രസിഡന്റ്സ് ടി20 ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുമെന്നും ശ്രീശാന്തിന്റെ മടങ്ങി വരവ് ഈ ടൂർണമെന്റിലൂടെയാകുമെന്നും വാർത്തകൾ വന്നിരിക്കുന്നത്.

അതേ സമയം സർക്കാർ അനുമതി ലഭിച്ചതിന് ശേഷമേ പ്രസിഡന്റ്സ് കപ്പിന്റെ മത്സരത്തീയതികളും മറ്റ് വിവരങ്ങളും കേരളാ ക്രിക്കറ്റ് അസോസിയേഷൻ തീരുമാനിക്കൂ. നിലവിൽ ലഭിക്കുന്ന സൂചനകൾ പ്രകാരം ഈ വർഷം ഡിസംബറിലായിരിക്കും ടൂർണമെന്റ്. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് കളികാരെയെല്ലാം ഒരു ബയോബബിളിനുള്ളിലാക്കിയിട്ടാകും ടൂർണമെന്റെന്നാണ് കരുതപ്പെടുന്നത്.

ഫാന്റസി പ്ലാറ്റ്ഫോമായ ഡ്രീം 11, പ്രസിഡന്റ്സ് ടി20 ചാമ്പ്യൻഷിപ്പുമായി സഹകരിക്കുമെന്നും, ലീഗ് ഫോർമ്മാറ്റിലാകും ഇതിലെ മത്സരങ്ങളെന്നുമാണ് കരുതപ്പെടുന്നത്. സർക്കാരിൽ ‌നിന്ന് പച്ചക്കൊടി ലഭിച്ചതിന് ശേഷം കെ സി എ ടൂർണമെന്റിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത് വിടും.