SHARE

പതിനാലാം എഡിഷ‌ൻ ഐപിഎല്ലിൽ ദയനീയ പ്രകടനം കാഴ്ച വെച്ച സൺ റൈസേഴ്സ് ഹൈദരാബാദ്, പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായാണ് സീസൺ അവസാനിപ്പിച്ചത്. അടുത്ത സീസണിന് മുന്നോടിയായി നടക്കാനിരിക്കുന്ന മെഗാ താരലേലത്തിൽ അതു കൊണ്ടു തന്നെ ഹൈദരാബാദ്, തങ്ങളുടെ ടീമിനെ മൊത്തത്തിൽ അഴിച്ചു പണിയുമെന്നാണ് കരുതപ്പെടുന്നത്. ഒരാളെപ്പോലും ഹൈദരാബാദ് ലേലത്തിന് മുന്നേ ടീമിൽ നിലനിർത്തിയേക്കില്ലെന്ന സൂചനകളും ശക്തമാണ്.

അതിനിടെ ഇപ്പോളിതാ വെസ്റ്റിൻഡീസ് സൂപ്പർ താരം ജേസൺ ഹോൾഡറിന് ചുറ്റുമായി ഹൈദരാബാദ് ഒരു പുതിയ ടീമിനെ നിർമ്മിക്കണമെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് വിൻഡീസ് ഇതിഹാസ താരം ബ്രയാൻ ലാറ‌. അതിദയനീയമായ സീസണിൽ ഹൈദരാബാദിന്റെ തിളങ്ങുന്ന വെളിച്ചമാണ് ഹോൾഡറെന്ന് ചൂണ്ടിക്കാട്ടുന്ന ലാറ, ഹോൾഡർ ഒരു പക്കാ ടി20 താരമാണോയെന്ന കാര്യം തനിക്കറിയില്ലെന്നും എന്നാൽ അദ്ദേഹത്തിന് ചുറ്റുമായി ഒരു ടീമിനെ കെട്ടിപ്പടുക്കാൻ ഹൈദരാബാദിനാകുമെന്ന് തനിക്ക് തോന്നുന്നതായും ക്രിക്കറ്റ് ഡോട്ട്കോമിനോട് സംസാരിക്കവെ കൂട്ടിച്ചേർത്തു.

അതേ സമയം ഹോൾഡറിനെ, ഹൈദരാബാദ് ടീമിൽ നിലനിർത്തണമെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും ടീമിന്റെ നായക സ്ഥാനം അദ്ദേഹത്തെ ഏൽപ്പിക്കുന്നത് മികച്ച ഓപ്ഷനല്ലെന്നും പകരം ഒരിന്ത്യൻ താരത്തെയാണ് അവർ ക്യാപ്റ്റനായി നിയമിക്കേണ്ടതെന്നും സംസാരത്തിനിടെ ലാറ വ്യക്തമാക്കി.

“പ്ലേയിംഗ് ഇലവനിൽ നിങ്ങൾക്ക് നാല് വിദേശ താരങ്ങളെ മാത്രമേ തിരഞ്ഞെടുക്കാനാവൂ, അതിനാൽ എപ്പോളും മികച്ചത് ഒരു പ്രാദേശിക കളികാരനെ ക്യാപ്റ്റനാക്കുന്നതാണ്. ഒരു വലിയ ലേലം വരുന്നുണ്ട്. സൺ റൈസേഴ്സ് ഹൈദരാബാദിന് ഏറെ കാര്യങ്ങൾ ചെയ്യാനുണ്ട്. അവർക്ക് മുന്നോട്ട് പോകാനുള്ള‌ ശരിയായ സംഘത്തെ എങ്ങനെ ലഭിക്കുമെന്ന് നമുക്ക് നോക്കാം.” ബ്രയാൻ ലാറ പറഞ്ഞു നിർത്തി‌.